തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് എതിരെ ഡി.ജി.പി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ഔദ്യോഗിക വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടിലെ ഉള്ളടക്കം. മന്ത്രിയും കമിഷണറും ദേവസ്വവുമെല്ലാം മുൻകൂട്ടി വിവരം നൽകിയിട്ടും ഔദ്യോഗിക ചുമതലയുടെ ഭാഗമായി തൃശൂരിലുണ്ടായിരുന്നിട്ടും എ.ഡി.ജി.പി നടപടി സ്വീകരിച്ചില്ലെന്ന കുറ്റപ്പെടുത്തലാണ് റിപ്പോർട്ടിലെ പ്രധാനം. പ്രശ്നങ്ങൾക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും മന്ത്രി കെ. രാജൻ ഫോൺ വിളിച്ചിട്ടും എ.ഡി.ജി.പി പ്രതികരിച്ചില്ലെന്നും ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സൂചിപ്പിക്കുന്നു.
നേരത്തേ എ.ഡി.ജി.പിക്കെതിരെ മന്ത്രി രാജൻ നൽകിയ മൊഴി അജിത്കുമാർ നിഷേധിച്ചിരുന്നു. പൂരം മുടങ്ങിയ സമയത്ത് എ.ഡി.ജി.പിയെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നായിരുന്നു മന്ത്രിയുടെ മൊഴി. എന്നാൽ, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചത് അറിയില്ലെന്നും രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നുമായിരുന്നു അജിത്കുമാർ ഡി.ജി.പിക്ക് നൽകിയ വിശദീകരണം.
പി.വി. ആൻവറിന്റെ ആരോപണങ്ങളെ തുടർന്ന് പ്രഖ്യാപിച്ച ത്രിതല അന്വേഷണ ഇതോടെ അവസനിച്ചു.
പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നിങ്ങനെ അജിത്കുമാറിതെതിരായ മൂന്ന്ആരോപണങ്ങളിലാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണത്തിന് നിർദേശിച്ചത്. മറ്റ് റിപ്പോർട്ടുകളെല്ലാം അജിതിന് അനുകൂലമായിരുന്നെങ്കിലും തൃശൂര്‍ പൂരം കലങ്ങിയതില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന് വീഴ്ചയെന്നായിരുന്നു പ്രാഥമിക റപ്പോർട്ടിൽ തന്നെ ഡി.ജി.പി ചൂണ്ടിക്കാട്ടിയിരുന്നു.
അജിത്കുമാറിന്റെ വീഴ്ച അക്കമിട്ട് നിരത്തുന്നതാണ് അന്തിമ റിപ്പോർട്ടും. റിപ്പോർട്ടിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് സംസ്ഥാന പൊലീസ് മേധാവിമാരുടെ പട്ടികയിൽ ഉൾപ്പെടെ പേരുള്ള അജിത്കുമാറിന് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.