ആഗോള അയ്യപ്പ സംഗമത്തിന് വിദേശത്തുനിന്നുള്ള ഭക്ത സംഘങ്ങളും; ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയും പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ പങ്കാളിത്തം ഉറപ്പായി. ഇന്ന് ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്.

ശബരിമല ക്ഷേത്ര വിശ്വാസികളായ വ്യക്തികളാണ് പങ്കെടുക്കുന്നതെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന സംഗമത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെയും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തം സംബന്ധിച്ച് അടുത്തയാഴ്ച്ചയോടെ പൂര്‍ണമായ ചിത്രം ലഭിക്കും.

മറ്റ് സംസ്ഥാനങ്ങളി‍ലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളുടെ പ്രതിനിധികളെയും സംഗമത്തില്‍ പങ്കെടുപ്പിക്കാൻ തീരുമാനമായി. സംഗമത്തിന്റെ വിജയത്തിനായി പ്രതിദിന അവലോക യോഗം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതിനിധികള്‍ക്കായി 25 എ.സി. ലോ ഫ്ലോര്‍ ബസുകളാണ് കെ.എസ്.ആര്‍.ടി.സി സജ്ജീകരിക്കുക. കൂടുതല്‍ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ ഒരുക്കും. കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ സമീപ സ്ഥലങ്ങളിലും താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സബ്കമ്മിറ്റികള്‍ പ്രതിദിന അവലോകനം നടത്തി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍, ചീഫ് വിപ്പ് ഡോ: എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എം.എല്‍.എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. സുനില്‍ കുമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.