'തിരുമനസ്സും രാജ്ഞിയും' വേണ്ട; വിവാദ നോട്ടീസ് പിൻവലിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട വിവാദ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചു. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തിൽ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോർഡ്‌ ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.

ചടങ്ങില്‍ ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. നോട്ടീസ് പിൻവലിച്ചെങ്കിലും പരിപാടി നിശ്ചയിച്ച ദിവസം തന്നെ നടത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ദേവസ്വം ബോർഡിന്റെ വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു. ജാതിക്കെതിരെ ഒട്ടേറെ പ്ര​ക്ഷോഭങ്ങൾ നടന്ന നാടാണിതെന്നും എന്നിട്ടും ചിലതൊക്കെ അ​വശേഷിച്ചു കിടക്കുന്നുണ്ടെന്നും നോട്ടീസിൽ പറയാൻ പാടില്ലാത്ത എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തിൽ ദേവസ്വം ബോർഡ് പ്രതികരിച്ചത്.

നോട്ടീസിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. രണ്ട് അഭിനവ "തമ്പുരാട്ടി"മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തിരുവിതാംകൂറിലെ ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 


Tags:    
News Summary - Devaswom Board withdraws controversial notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.