തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിലാണ് ദേവസ്വം ബോർഡും പ്രതികളായത്. 2019ൽ എ.പത്മകുമാർ അധ്യക്ഷനായ ബോർഡിനെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നത്. ശബരിമലയിലെ കട്ടിളപാളികൾ സ്വർണം പൂശാനായി കൊണ്ട് പോയതുമായി ബന്ധപ്പെട്ടാണ് എഫ്.ഐ.ആർ.
വ്യവസ്ഥാപിതമല്ലാത്ത ഒന്നും ചെയ്തിട്ടില്ലെന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അറിയില്ലെന്നും എ.പത്മകുമാർ പ്രതികരിച്ചു. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് എഫ്ഐആറിൽ ഒന്നാം പ്രതി. ദേവസ്വം ഉദ്യോഗസ്ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്. 2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി.മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, അസി.എൻജിനീയർ കെ.സുനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ, തിരുവാഭരണം കമ്മിഷണർമാരായ കെ.എസ്.ബൈജു, ആർ.ജി.രാധാകൃഷ്ണൻ, പാളികൾ തിരികെ പിടിപ്പിച്ചപ്പോൾ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന രാജേന്ദ്രപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.രാജേന്ദ്രൻ നായർ എന്നിവരും കേസിൽ പ്രതികളാണ്.
സ്വർണപ്പാളി വിവാദം: 34 ാം ദിവസം കേസ്; പുറത്തുവന്നത് വൻ കൊള്ള
പത്തനംതിട്ട: ഹൈകോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലകശിൽപ പാളികൾ പുറത്തുകൊണ്ടുപോയെന്ന ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ടോടെ പുറത്തുവന്ന വിവാദം എത്തിനിൽക്കുന്നത്, നടന്നത് വൻ കൊള്ളയെന്ന കണ്ടെത്തലിൽ. വിവാദം തുടങ്ങി 34 ാംദിവസം ക്രൈം ബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. സെപ്റ്റംബർ ഏഴിന് രാത്രി ശബരിമല ശ്രീകോവിലിന്റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പിറ്റേന്ന് ഇവ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് കോടതി അനുമതി വാങ്ങാതെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികൾക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് ശബരിമല സ്പെഷല്‍ കമീഷണര്‍ ജസ്റ്റിസ് ആര്. ജയകൃഷ്ണന് ഹൈകോടതിക്ക് റിപ്പോര്‍ട്ട് നൽകിയത്.
ശബരിമലയിലെ അറ്റകുറ്റപ്പണികള്‍ക്ക് ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം ലംഘിച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഇടപെട്ട ഹൈകോടതി ദേവസ്വം ബെഞ്ച്, തുടർപരിശോധനകളിൽ ഇതേ ശിൽപപാളികൾ 2019ൽ സ്വർണം പൂശിയതിനുശേഷം തിരികെ കൊണ്ടുവന്നപ്പോൾ 4.147 കിലോ കുറഞ്ഞതായി കണ്ടെത്തി. ഇതോടെ സമഗ്ര അന്വേഷണത്തിന് ദേവസ്വം വിജിലൻസിന് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.