പനി ബാധിച്ച് മരിച്ച കാർത്തിക്

മൂന്ന് മണിക്കൂർ വനത്തിലൂടെ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; നൊമ്പരമായി അഞ്ച് വയസുകാരന്‍റെ മരണം

അടിമാലി: വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ മൂന്ന് മണിക്കൂറിലേറെ ചുമന്ന് കൊണ്ടു വന്നിട്ടും ആദിവാസി ഉന്നതിയിലെ ബാലന്‍റെ ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടി കൂടലാർ ആദിവാസി ഉന്നതിയിലെ മൂർത്തി - ഉഷ ദമ്പതികളുടെ മകൻ കാർത്തിക് (അഞ്ച്) ആണ് മരിച്ചത്. കലശലായ പനിയെ തുടർന്ന് വെള്ളിയാഴ്ചയാണ് കാർത്തിക്കിനെയുംകൊണ്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രി ലക്ഷ്യമാക്കി നടന്നുതുടങ്ങിയത്. മൂന്ന് മണിക്കൂർ വനത്തിലൂടെ സഞ്ചരിച്ച് ആനക്കുളം വഴി മാങ്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്കാശുപത്രിയിലേക്ക് റഫർ ചെയ്തു.

എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കാർത്തിക് മരണത്തിന് കീഴടങ്ങി. കാട്ടാനയും കടുവയും പുലിയും കാട്ടുപോത്തുമൊക്കെ വിഹരിക്കുന്ന കാട്ടിലൂടെയാണ് കുട്ടിയെ ചുമന്ന് പുറംലോകത്ത് എത്തിച്ചത്. ഇടമലകുടിയിൽ പ്രൈമറി ഹെൽത്ത് സെന്‍റർ ഉണ്ടെങ്കിലും ഇവിടെ കുട്ടിക്ക് പരിചരണം ലഭിച്ചില്ല. ഒരാഴ്ചയായി കടുത്ത പനിമൂലം കുട്ടി അവശനിലയിൽ ആയതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനമായത്.

ഇടമലകുടിയിൽ നിരവധിപ്പേർ പകർച്ചാ പനിമൂലം അവശരായി കിടക്കുകയാണെന്നാണ് വിവരം. ഇടമലകുടി സൊസൈറ്റി കുടിവരെ മാത്രമേ വാഹനങ്ങൾ എത്തുകയുള്ളൂ. കാലവർഷത്തിൽ ഈ വഴി സഞ്ചാര യോഗ്യമല്ലാതാകും. പെട്ടിമുടിയിൽനിന്ന് 16 കിലോമീറ്റർ റോഡ് നിർമാണം വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്നു. കുറഞ്ഞ ദൂരത്തിൽ പുറംനാട്ടിൽ എത്താമെന്നതാണ് ആനക്കുളം പാത തെരഞ്ഞെടുക്കാൻ കാരണം. മൂന്ന് മാസം മുമ്പ് രണ്ട് യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരെയും ചുമന്നാണ് നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Tags:    
News Summary - Despite a three-hour trek through the forest to the hospital, life could not be saved; Tribal boy died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.