നിരപരാധിയായ പ്രവാസിയെ മാലമോഷണം ആരോപിച്ച്​ ജയിലിലടച്ച എസ്​.ഐക്കെതിരെ വകുപ്പുതല നടപടി

തലശ്ശേരി: ചെയ്യാത്ത കുറ്റത്തിന് പ്രവാസി യുവാവിനെ പ്രതിയാക്കി ജയിലിലടച്ച എസ്.ഐക്കെതിരെ വകുപ്പുതല ശിക്ഷ. ചക്കരക്കല്‍ മുന്‍ എസ്.ഐ പി. ബിജുവിനെതിരെയാണ് നടപടി. ഒരു വര്‍ഷത്തേക്കുള്ള പ്രമോഷനടക്കം തടഞ്ഞാണ് ഉത്തരമേഖല ഐ.ജി അശോക് യാദവ് ഉത്തരവിറക്കിയത്. കതിരൂര്‍ സ്വദേശിയായ വി.കെ. താജുദ്ദീനാണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് പീഡനത്തിനിരയായത്. മോഷണ കുറ്റം ആരോപിച്ച് 54 ദിവസമാണ് താജുദ്ദീന് ജയിലിൽ കഴിയേണ്ടിവന്നത്.

വഴിയാത്രക്കാരിയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തി സ്വർണമാല പൊട്ടിച്ച് രക്ഷപ്പെട്ടെന്നായിരുന്നു താജുദ്ദീനെതിരെ പൊലീസ് ചുമത്തിയ കേസ്. എസ്.െഎ പി. ബിജുവാണ് കേസെടുത്തത്. 2018 ജുലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. നിരപരാധിയായ പ്രവാസി യുവാവിന്‍റെ മേൽ പൊലീസ്​ കേസ്​ ​കെട്ടിച്ചമക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയർന്നപ്പോൾ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാര്‍ഥ പ്രതി വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്​റ്റ്​ ചെയ്യുകയുമുണ്ടായി. ഇതോടെ എസ്.ഐക്കെതിരേ വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

മനുഷ്യാവകാശ കമീഷനും പ്രശ്‌നത്തില്‍ ഇടപെട്ട് നിജസ്ഥിതി തേടി. പിന്നീട് ജയില്‍ മോചിതനായ താജുദ്ദീന്‍ തന്നെ കള്ളക്കേസിൽ കുടുക്കിയ എസ്.ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനും 1.40 കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് താജുദ്ദീന്‍ നല്‍കിയ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. വകുപ്പുതല നടപടിക്കു പുറമെ എസ്.ഐക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് താജുദ്ദീന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

നേരത്തെ, വകുപ്പുതല നടപടിയുടെ ഭാഗമായി എസ്.ഐ ബിജുവിനെ സ്ഥലം മാറ്റിയിരുന്നു. കണ്ണൂര്‍ റേഞ്ച് െഡപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ നല്‍കിയ ആ ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീന്‍ പരാതി നൽകി. പിന്നോക്ക സമുദായ ക്ഷേമ സമിതി മുമ്പാകെ ഹരജി സമര്‍പ്പിക്കുകയും ചെയ്​തു. നടപടിക്കെതിരെ എസ്.ഐ ബിജുവും അപ്പീൽ സമര്‍പ്പിച്ചു. എന്നാൽ എസ്.ഐയുടെ അപ്പീൽ എതിര്‍ത്താണ് ഐ.ജി ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്. വിഷയത്തിൽ വിശദീകരണം നൽകാനായി 60 ദിവസം സമയം മേലുദ്യോഗസ്ഥൻ എസ്.ഐക്ക് അനുവദിച്ചിരുന്നു.


Tags:    
News Summary - Departmental action against SI who charged fake case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.