50 ദിവസത്തിന് ഇനി മണിക്കൂറുകള്‍; സ്ഥിതി കൂടുതല്‍ രൂക്ഷമാകും

തിരുവനന്തപുരം: നോട്ട് നിരോധം പ്രഖാപിച്ചിട്ട് 50 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ ശേഷിക്കെ, സംസ്ഥാനത്തിന് ഇരുട്ടടിയാകുന്നത് വരുമാനത്തിലെ വന്‍ ഇടിവ്. പ്രതിസന്ധി അവസാനിക്കുകയല്ല മറിച്ച്, കൂടുതല്‍ രൂക്ഷമാവുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.  ചില്ലറ വ്യാപാരമേഖലയിലടക്കം കച്ചവടം സ്തംഭിച്ച ഈ രണ്ടു മാസക്കാലയളവില്‍ വില്‍പന നികുതിയിനത്തിലെ വരുമാനത്തില്‍ വന്‍ കുറവാണുണ്ടായത്. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയായിരുന്നു. ഒക്ടോബറിലേത് 3028.5 കോടിയും. എന്നാല്‍ നവംബറില്‍ 2746.19 ആയി താഴ്ന്നു. 19 ശതമാനം നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന ഡിസംബറില്‍ കുത്തനെ ഇടിവാണുണ്ടായത്. 4,000 കോടിയുടെ മാസവരുമാനം പ്രതീക്ഷിച്ചെങ്കിലും 1,800 കോടിയുടെയെങ്കിലും കുറവാണ് ഡിസംബറില്‍ ഉണ്ടാവുകയെന്ന്  പ്രാഥമിക വിലയിരുത്തല്‍.

ഏറ്റവും അധികം വരുമാനം ലഭിച്ചിരുന്ന  ബിവറേജസ് കോര്‍പറേഷന്‍െറ വിറ്റുവരവില്‍ കുറവുണ്ടായത് 27.3 ശതമാനമാണ്. എക്സൈസ് വകുപ്പിന്‍െറ ആകെ വരുമാനത്തിലും പ്രതീക്ഷിച്ച വളര്‍ച്ചയില്ല. രജിസ്ട്രേഷന്‍ ഇടപാടുകളിലും നഷ്ടം പ്രകടമാണ്. നവംബര്‍ 10ന് ശേഷം രജിസ്ട്രേഷന്‍ ഭാഗികമായി നിലച്ചു.  67,416 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത 2015  നവംബറിനെ അപേക്ഷിച്ച് ഇക്കുറി കുറവ് വന്നത് 14,964 എണ്ണം. നവംബറിലെ മാത്രം  നഷ്ടം 94.5 കോടി രൂപയാണ്.

ഒക്ടോബറില്‍ 277.5 കോടിയായിരുന്നു രജിസ്ട്രേഷന്‍ വഴിയുള്ള വരവ്. നവംബറില്‍ ഇത് 183 കോടിയായി കുറഞ്ഞു. ഡിസംബറില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 97.4 കോടിയായി വരുമാനം കുറഞ്ഞു. നോട്ട് നിരോധനത്തിനുമുമ്പ് ലോട്ടറിയില്‍നിന്ന് 735 കോടിയായിരുന്നു. ഇതാകട്ടെ 390 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലോട്ടറി മേഖല രേഖപ്പെടുത്തിയതും അഞ്ചു ശതമാനം നെഗറ്റിവ് വളര്‍ച്ചയാണ്. ഡിസംബര്‍ 25 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 20 ശതമാനവും വിദേശ സഞ്ചാരികളുടെ വരവില്‍ 10 ശതമാനവും കുറവുണ്ടായി. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്‍െറ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല.

കറന്‍സി ക്ഷാമത്തിനു പിന്നാലെ വരുമാനനഷ്ടം കൂടിയാകുന്നതോടെ ഈ മാസത്തിലെ ശമ്പളവിതരണത്തിലടക്കം ആശങ്കയുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറം മറ്റ് ചെലവാക്കലുകള്‍ക്കെല്ലാം ജനം സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടു മാസക്കാലയളവ്   സംസ്ഥാനത്തിന്‍െറ സമ്പദ്വ്യവസ്ഥക്കുതന്നെ തിരിച്ചടിയായിട്ടുണ്ട്. ബാങ്കില്‍നിന്ന് വിതരണം ചെയ്യുന്ന നോട്ടുകള്‍ ചെലവാക്കാന്‍ ആളുകള്‍ മടിക്കുന്നതും സൂക്ഷിച്ച് വെക്കുന്നതും പണത്തിന്‍െറ പൊതുവിനിമയത്തെയും ബാധിച്ചിട്ടുണ്ട്്. നിക്ഷേപം കൂടുകയും വായ്പയെടുക്കല്‍ കുറയുകയും ചെയ്തതോടെ ബാങ്കുകളുടെ നിലനില്‍പും പ്രതിസന്ധിയിലാണ്.

Tags:    
News Summary - demonitisation kerala economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.