നോട്ട്നിരോധനം: സംസ്ഥാന സമ്പദ്ഘടനക്ക് വന്‍ ആഘാതം

തിരുവനന്തപുരം: നോട്ട്നിരോധനം കേരളത്തിന്‍െറ സമ്പദ്ഘടനയില്‍ കനത്ത ആഘാതമുണ്ടാക്കിയതായും ഇതുമൂലം 13ാം പഞ്ചവത്സരപദ്ധതിയുടെ നടത്തിപ്പ് കടുത്തപ്രതിസന്ധിയിലായിരിക്കുകയാണെന്നും റിപ്പോര്‍ട്ട്. നോട്ട്നിരോധനം കേരള സമ്പദ്ഘടനക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് കണ്ടത്തെല്‍.

റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ നവംബര്‍ 23നാണ് പ്രഫ. സി.പി. ചന്ദ്രശേഖരന്‍ അധ്യക്ഷനായുള്ള അഞ്ചംഗകമ്മിറ്റിയെ ഇതുസംബന്ധിച്ച് പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് ചുമതലപ്പെടുത്തിയത്. നോട്ട് പ്രതിസന്ധിമൂലം രജിസ്ട്രേഷന്‍ വകുപ്പില്‍ മാത്രം 55 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായത്. കറന്‍സിദൗര്‍ലഭ്യം മൂലം ടൂറിസ്റ്റുകളുടെ വരവില്‍ വന്‍ കുറവ് ഉണ്ടായി. കേരള ടൂറിസം വകുപ്പിന്‍െറ ത്വരിതവിലയിരുത്തല്‍ പ്രകാരം ഇന്ത്യക്കകത്ത് നിന്നുള്ള ടൂറിസ്റ്റുകളുടെ വരവില്‍ 17.7 ശതമാനവും വിദേശടൂറിസ്റ്റുകളുടെ വരവില്‍ 8.7 ശതമാനവും കുറവ് വന്നിട്ടുണ്ട്.

നോട്ടുകള്‍ കൈമാറി നല്‍കാനുള്ള അവകാശം പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് നല്‍കാത്തതുമൂലം സംസ്ഥാനത്തെ മൊത്തം ധനകാര്യ ഇടപെടലുകളും താളംതെറ്റി. ഇന്ത്യയിലെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ ലഭിച്ച നിക്ഷേപങ്ങളുടെ 70 ശതമാനവും കേരളത്തിലാണ്. 70 ശതമാനത്തിലധികം കാര്‍ഷികേതര വായ്പകളും നല്‍കുന്നത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ നോട്ടുകൈമാറ്റ പ്രക്രിയയില്‍ നിന്ന് സഹകരണബാങ്കുകളെയും സംഘങ്ങളെയും വിലക്കിക്കൊണ്ടുള്ള ഉത്തരവ് കേരളത്തെ പ്രതികൂലമായി ബാധിച്ചു.

ശരാശരി ബ്രാഞ്ചൊന്നിന്19.9 കോടി നിക്ഷേപവും 28,000 രൂപ വ്യക്തിഗത നിക്ഷേപവും ഉണ്ടായിരുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തെ ഒരു വ്യക്തിഗത സ്ഥാപനമായി കണ്ട് ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാനുള്ള അവകാശമേ നല്‍കിയിട്ടുള്ളൂ.
ഇത്തരത്തില്‍ സാധാരണ ജനങ്ങളുടെ വാങ്ങല്‍ശേഷിയുടെ അപഹരണം ഇത്ര രൂക്ഷമായ തോതില്‍ നിര്‍വഹിക്കപ്പെട്ട മറ്റൊരു ഘട്ടമില്ളെന്ന് കമ്മിറ്റി അധ്യക്ഷന്‍ പ്രഫ.സി.പി. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൊത്തക്കച്ചവടം, ചില്ലറവ്യാപാരത്തിനുള്ള മത്സ്യവിപണനം, പഴം-പച്ചക്കറി വിപണനം, കൂലിപ്പണി എന്നീ മേഖലകളില്‍ തൊഴിലവസരങ്ങളും വരുമാനവും കുറഞ്ഞു. നിത്യചെലവുകള്‍ക്കായി കടബാധിതരാവുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടതായി ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ പറഞ്ഞു.

പണമിടപാടുകളെ ഡിജിറ്റലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുന്നവര്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം കൂടി പരിശോധിക്കണമെന്നും അവര്‍ക്കും കൂടി ബോധ്യമാകുന്ന, വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടുള്ള രീതിയാകണം കറന്‍സിരഹിത പണമിടപാടിലൂടെ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.ഡി.നാരായണയും സംബന്ധിച്ചു.

Tags:    
News Summary - demonitisation kerala economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.