തിരുവനന്തപുരം: കിടപ്പാടങ്ങൾ ജപ്തി ചെയ്യരുത്, ദരിദ്ര ജനവിഭാഗങ്ങളുടെ പ്രത്യേകിച്ച് ദലിത് ആദിവാസി കർഷക വിദ്യാഭ്യാസ കടങ്ങൾ എഴുതിത്തള്ളുക, സർഫാസി എന്ന കൊലയാളി നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൻറെ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കൂട്ട ധർണ്ണ നടത്തി. തീരദേശ സംരക്ഷണ സമിതി നേതാവ് മാഗ് ലിൻ ഫിലോമിന കൂട്ട ധർണ ഉദ്ഘാടനം ചെയ്തു.
അതിസമ്പന്ന കോർപ്പറേറ്റ് മുതലാളിമാരുടെ ലക്ഷം കോടികൾ എഴുതി തള്ളിക്കൊണ്ട് അവർക്ക് അനുകൂലമായ സംരക്ഷണ നിയമങ്ങൾ കൊണ്ടുവരികയും എന്നാൽ ദരിദ്രരായ ജനങ്ങളെ സംഹരിക്കാനുള്ള അമിതാധികാര നിയമങ്ങൾ ബാങ്കുകൾക്ക് നൽകുകയും ചെയ്യുന്ന സാമ്രാജ്യത്ത ദാസ്യ സമീപനത്തിൽ നിന്ന് പിന്തിരിയണമെന്ന് അവർ പ്രസ്താവിച്ചു. സെക്രട്ടറിയേറ്റിന്റെ മുന്നിൽ നടത്തിയ കൂട്ടധർണ്ണയിൽ നിരവധി ദളിത് ദരിദ്ര കുടുംബങ്ങൾ പങ്കെടുത്തു .
സർഫാസി വിരുദ്ധ പ്രസ്ഥാനത്തിൻറെ ജില്ലാ ചെയർപേഴ്സൺ സേതു സമരത്തിന് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി.സി.ജെന്നി, പി.ജെ. മാനുവൽ, സുശീലൻ, ശ്യാമ സുരേഷ്, സിന്ധു യാത്ര വിഴിഞ്ഞം എന്നിവർ സംസാരിച്ചു. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വികസന വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതി തള്ളുന്നതിനും, കിടപ്പാട ജപ്തി തടയുന്നതിനും നടപടി കൈകൊണ്ടില്ലെങ്കിൽ ഗവർണറുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിക്കൊണ്ട് സംസ്ഥാന തലത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നീണ്ടകാല ധർണാസമരം നടത്തുമെന്ന് നേതൃത്വം പ്രസ്താവിച്ചു.
ഉഴ മലയ്ക്കൽ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം പണിതീർത്ത കിടപ്പാടം ജപ്തി ചെയ്ത മുത്തൂറ്റ് ഹോം ഫിനാൻസിന് ലോൺ തുക കൊടുത്തുകൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്യേണ്ടിയിരുന്നത് പാർലമെന്റിലും ക്യാബിനറ്റിലും ദരിദ്ര ജനവിഭാഗങ്ങളെ കിടപ്പാടത്തിൽ നിന്നും തെരുവിലെറിയുന്ന സർഫാസി എന്ന കൊലയാളി നിയമം റദ്ദാക്കുന്നതിനുള്ള നിലപാട് കൈക്കൊള്ളുകയായിരുന്നു എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.