ഇരുൾ നീങ്ങാതെ ഇടുക്കിയിലെ രണ്ടാം നിലയം
തൊടുപുഴ: സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകേണ്ട ഇടുക്കി രണ്ടാംഘട്ട ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിൽ കെ.എസ്.ഇ.ബിക്ക് ഇഴഞ്ഞുനീങ്ങൽ. പ്രതിദിനം കോടികളുടെ സാമ്പത്തിക നേട്ടമുണ്ടാകുന്നതും പീക്ക് സമയത്തെ രൂക്ഷ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നതുമായ സുപ്രധാന പദ്ധതിയാണ് മെല്ലെപ്പോക്ക് നയം മൂലം ഇഴയുന്നത്. പദ്ധതിക്ക് 2022ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. എന്നാൽ, സുപ്രധാനമായ 14 പ്രധാന അനുമതികൾ ഇനിയും ലഭ്യമായിട്ടില്ല.
ഇടുക്കി പദ്ധതിയുടെ സുവർണ ജൂബിലി ഉപഹാരമായി 2026 ഫെബ്രുവരിയിൽ പുതിയ നിലയം കമീഷൻ ചെയ്യുമെന്നായിരുന്നു 2022ലെ പ്രഖ്യാപനം. എന്നാൽ, ലക്ഷ്യമിട്ട സമയപരിധി പിന്നിട്ടിട്ടും തുടർനടപടികൾക്ക് വേഗം പോര. നിലവിൽ 780 മെഗാവാട്ടാണ് ഇടുക്കിയുടെ ഉൽപാദനശേഷി. 2,670 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ 800 മെഗാവാട്ട് അധികമായി ലഭിക്കുകയും ആകെ ഉൽപാദനം 1,580 മെഗാവാട്ടായി ഉയരുകയും ചെയ്യും. അതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി ഇടുക്കി മാറും.
വൈകിട്ട് 6.30 മുതൽ രാത്രി 10.30 വരെയുള്ള പീക്ക് സമയത്ത് പുറത്തുനിന്ന് വൻതുക നൽകി വൈദ്യുതി വാങ്ങുന്ന കെ.എസ്.ഇ.ബിക്ക് ഈ പദ്ധതി യാഥാർഥ്യമായാൽ, ഇത് ഒഴിവാക്കുന്നതിന് പുറമെ പ്രതിദിനം ഒന്നരക്കോടിയിലേറെ രൂപയുടെ ചെലവ് ലാഭിക്കാനും കഴിയും. നിലവിൽ വർഷം ശരാശരി 2,500 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കുന്നതിൽ 900 മുതൽ 1,000 ദശലക്ഷം വരെ യൂനിറ്റ് പീക്ക് സമയത്താണ് പുറത്തെടുക്കുന്നത്. കൂടാതെ, കാലവർഷത്തിൽ ഡാം കവിഞ്ഞു കവിയുമ്പോൾ വെള്ളം ഒഴുക്കിക്കളയുന്നതും പദ്ധതിയിലൂടെ ഒഴിവാക്കാം.
വൈദ്യുതി ആവശ്യകത ഏറെയുള്ള വൈകീട്ട് ആറു മുതൽ രാത്രി 10 വരെയുള്ള സമയത്ത് പുതിയ നിലയം പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് ആശ്വാസമാകേണ്ട വൻകിട പദ്ധതിക്ക് ജീവൻ നൽകാൻ കെ.എസ്.ഇ.ബിയും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.