കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിനോടൊപ്പം കോളജ് നിയോഗിച്ച രണ്ട് സുരക്ഷാജീവനക്കാരും സമരക്കാരെ തടഞ്ഞതോടെയാണ് സ്ഥിതി വഷളായത്. ഇത് ചോദ്യം ചെയ്തവരെ മർദിച്ചതിനു പിന്നാലെയാണ് സംഘർഷം. ഇരു കൂട്ടരും പരസ്പരം തമ്മിൽ തല്ലാന്‍തുടങ്ങിയതോടെ പൊലീസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിന് പിന്നാലെ സുരക്ഷാ ജീവനക്കാർക്കെതിരെ എസ്.എടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ദലിത് ലീഗ് പ്രവർത്തകർ ആവശ‍്യപ്പെട്ടു. മാർച്ചിൽ ഭൂരിഭാഗവും ദലിത് വിഭാഗത്തിലുള്ളവരായതിനാൽ അവരെ കയ്യേറ്റം ചെയ്തതിന് നടപടിയെടുക്കണമെന്നും മറ്റ് പ്രതിഷേധങ്ങൾ നടന്നപ്പോൾ ഇല്ലാതിരുന്ന സുരക്ഷാജീവനക്കാരെ ദളിത് മാർച്ചിനിടയിൽ നിയമിച്ചതിൽ അസ്വഭാവികതയുണ്ടെന്നും സമരക്കാർ ഉന്നയിച്ചു.
ഏപ്രിൽ 10നാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണ നിലയിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പറയുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറപ്പിച്ച് പറയുന്നു. സംഭവത്തിൽ ആരോപണവിധേയരായ ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫ. ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തുകയും ഡോ. കെ. റാമിനെ പുറത്താക്കുകയും ചെയ്തിരുന്നു. ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്ന് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. രക്ഷിതാക്കളും ഇതേ ആവശ്യമുന്നയിച്ച് മാനേജ്മെന്റുമായി ചർച്ച നടത്തി.
വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്.ഒ.ഡി അധിക്ഷേപിച്ചതായി നിതിന്‍റെ പിതാവ് രാജന് ആരോപിച്ചു. കുട്ടിയെ ‘‘പുഴുത്ത പട്ടി’’ എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. നിതിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തിയിരുന്നു. അതേ സമയം നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ ലോൺ ആപ് നടത്തിപ്പുകാരായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.