ഹര്‍ഷ

പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു

കൊട്ടിയം: പ്രസവത്തെതുടര്‍ന്ന് യുവതി മരിക്കുകയും കുഞ്ഞ് ഗുരുതരാവസ്ഥയിലാകുകയും ചെയ്ത സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപണവിധേയമായ മേവറത്തെ സഹകരണ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. വടക്കേ മൈലക്കാട് ഉഷസ് നിവാസില്‍ വിപിന്‍റെ ഭാര്യ ഹര്‍ഷയാണ്​ (24) പ്രസവ ശസ്ത്രക്രിയക്കുശേഷം തിങ്കളാഴ്ച മരിച്ചത്. കുഞ്ഞ് പാലത്തറയിലെ മറ്റൊരു സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഹര്‍ഷയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ചയാണ് ഹര്‍ഷയെ മേവറത്തെ സഹകരണ ആശുപത്രിയില്‍ പ്രസവത്തിന്​ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഹര്‍ഷയെ സിസേറിയന് വിധേയമാക്കി കുട്ടിയെ പുറത്തെടുക്കുകയും കുട്ടിയെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയെ പുറത്തെടുത്തശേഷം ഹര്‍ഷയുടെ സ്ഥിതി മോശമായതിനെതുടര്‍ന്ന് പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന്‌ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചൊവാഴ്ച വൈകീട്ട് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ് മാര്‍ച്ചിന് സനല്‍ പുതുച്ചിറ, മുഹമ്മദ് ആരിഫ്, പാലത്തറ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രസവ സംബന്ധമായ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ച സംഭവത്തില്‍ മേവറത്തെ സഹകരണ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ യാഥാർഥ്യങ്ങള്‍ക്ക് നിരക്കാത്തതും സത്യവിരുദ്ധവുമാണെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

Tags:    
News Summary - death of a woman after giving birth: Police has started an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.