കസ്റ്റഡി മരണം: പൊലീസ് മർദനം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ദമ്പതികളെ മർദിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്‍റെ (40) ശരീരത്തിൽ ചതവുകളുണ്ടെന്നും അത് ഹൃദ്രോഗബാധക്ക് ആക്കംകൂട്ടിയിരിക്കാൻ സാധ്യതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചതവുകൾ എങ്ങനെ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടിലില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചിപ്പിച്ചത്. ഇതോടെ സുരേഷിന്‍റേത് കസ്റ്റഡി മരണമാണെന്ന ആക്ഷേപം ശക്തമാകുകയാണ്.

സുരേഷിന് കസ്റ്റഡിയിൽ മർദനമേറ്റിരുന്നില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണത്തിൽ മൊഴി നൽകിയ കൂട്ടുപ്രതികൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ മർദനമേറ്റെന്ന മൊഴിയാണ് നൽകിയത്. ഇവരുടെ മൊഴിപ്പകർപ്പും പുറത്തുവന്നിട്ടുണ്ട്. പ്രതികൾക്കുമേൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.

ജയിലിൽ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പൊലീസ് ഉദ്യോഗസ്ഥർ ലാത്തി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചതായി ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇത് പൊലീസിനെതിരായ ആക്ഷേപങ്ങൾക്ക് ശക്തിപകരുന്നതാണ്. സുരേഷ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽനിന്ന് നിലവിളി കേട്ടെന്ന് ഒപ്പം പിടിയിലായ വിനീതിന്‍റെ ഭാര്യ വിചിത്ര മാധ്യമങ്ങളോട് പറഞ്ഞു. എസ്.ഐയുടെ മുറിയിലേക്ക് കൊണ്ടുവരുമ്പോൾ സുരേഷ് അവശനായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും അവർ പറഞ്ഞു.

സുരേഷിന്‍റെ സഹോദരൻ സുഭാഷും സഹോദരന് മർദനമേറ്റെന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. സുരേഷിന്‍റെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നു. നെഞ്ചിന്‍റെ ഭാഗം ഇടിച്ച് കറുപ്പിച്ചിരുന്നു. പിൻഭാഗത്ത് മുഴകൾ പൊങ്ങിനിന്നു. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അവശനായിരുന്നു. മരിക്കുന്നതിന് മുമ്പ് സുരേഷിനെ കണ്ടിരുന്നു. പൊലീസ് തന്നെ ആട്ടിയോടിച്ചെന്നും സുഭാഷ് ആരോപിച്ചു.

Tags:    
News Summary - Death in custody: More information on police torture leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.