കോതമംഗലം: പൂയംകുട്ടി മണികണ്ഠൻച്ചാൽ ചപ്പാത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രാധാകൃഷ്ണന്‍റെ (ബിജു 37) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെ എട്ടരക്ക് ബ്ലാവന കടവിനും പൂയ്യം കുട്ടിക്കും ഇടയിലെ പള്ളിപ്പടി കടവിൽ നിന്നാണ് കണ്ടെത്തിയത്. കാണാതായി ആറാം ദിവസമാണ് മൃതദേഹം ചപ്പാത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി പൊങ്ങിയത്.
ബസ് ജീവനക്കാരനായ ബിജു ബുധനാഴ്ച്ച രാവിലെ ആറരയോടെ ജോലിക്ക് പോകുവാനായി ചപ്പാത്ത് വഴി പൂയംകുട്ടിക്ക് കടക്കാൻ ശ്രമിക്കവെയാണ് അപകടത്തിൽപ്പെട്ടത്. ചപ്പാത്ത് കടക്കുന്നതിനിടയിൽ ബിജു പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നും, രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഒപ്പമുണ്ടായിരുന്ന സജി പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു.
എല്ലാ മഴക്കാലത്തും ചപ്പാത്തിൽ വെള്ളം കയറുമ്പോൾ ആദിവാസി ഗ്രാമങ്ങൾ ഉൾപ്പെടെ ഒറ്റപ്പെടൽ ഭീഷണിയിലാകുന്നത് പതിവാണ്. ചപ്പാത്ത് ഉയർത്തുകയോ, പുതിയ പാലം നിർമ്മിക്കുകയോ ചെയ്യണമെന്ന് പൊതു പ്രവർത്തകരും, നാട്ടുകാരും ആവശ്യപ്പെട്ടു. കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ സ്കൂബ ടീം, എൻ.ഡി.ആർ.എഫ്, വനം വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിവരികയായിരുന്നു.
നാല് ദിവസമായിട്ടും മൃതദേഹം കണ്ടെടുക്കാത്ത സാഹചര്യത്തിൽ ഞായറാഴ്ച്ച തിരച്ചിൽ പാണിയേലി പോര്, ആലുവ ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. മൃതദേഹം കുട്ടമ്പുഴ പൊലീസ് പോസ്റ്റ്മോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.