പാലക്കാട്: ഓൺലൈനായി പാർട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പട്ടാമ്പി സ്വദേശിയിൽനിന്ന് 41.36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് കസ്റ്റംസ് റോഡ് സ്വദേശി ഫഹദ് അലിയെയാണ് (37) പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ജനുവരി മുതൽ തട്ടിപ്പുകാർ ഇരയെ വാട്ട്സ്ആപ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് പ്രോപ്പർട്ടികളുടെ റേറ്റിങ് കൂട്ടുന്ന ജോലി ഓൺലൈനായി ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ആദ്യം തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപം നടത്തിച്ച് ചെറിയ ലാഭം നൽകി വിശ്വാസം നേടിയെടുത്തു. പിന്നീട് ഭീമമായ തുക നിക്ഷേപം നടത്തിച്ച് മുഴുവനും തട്ടിയെടുക്കുകയായിരുന്നു.
പാലക്കാട് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിവരവെ പരാതിക്കാരന് നഷ്ടപ്പെട്ട തുകയിലെ 7,96,000 രൂപ ഫഹദിന്റെ കോഴിക്കോട് ബേപ്പൂരുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. തുടർന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ അക്കൗണ്ടിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി നാല് പരാതികൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി അജിത് കുമാറിന്‍റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം. പ്രസാദിന്‍റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്പെക്ടർ ബൈജു സി. എൽദോ, സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. ശരണ്യ, വി. ഉല്ലാസ് എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതിയിൽനിന്നു ലഭ്യമായ വിവരങ്ങളനുസരിച്ച് കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി മനസ്സിലായിട്ടുണ്ടെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.