തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകീട്ടോടെയാണ് സൈബർ അധിക്ഷേപം നടത്തിയെന്ന അതിജീവിതയുടെ പരാതിയിൽ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവർക്കെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്നാണ് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തുടർന്ന് എ.ആർ ക്യാമ്പിലെത്തിച്ച് സൈബർ പൊലീസ് എ.സി.പി പ്രകാശിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളിൽ ഐ.ടി ആക്ട് 43, 66, ബി.എൻ.എസ് 72, 79, 351 (1), 351 (2) വകുപ്പുകൾക്ക് പുറമേ ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിന് ബി.എൻ.എസ് 75 (3) വകുപ്പു കൂടി ചുമത്തിയാണ് കേസെടുത്തത്.
രാഹുല്‍ ഈശ്വറെ കൂടാതെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ഉൾപ്പെടെ കേസിൽ പ്രതി ചേർത്ത് കേസെടുത്തിട്ടുണ്ട്. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. സന്ദീപ് വാര്യര്‍ നാലാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്.
ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച പേരെടുത്ത് പറയാത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സൈബർ അധിക്ഷേപ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി വെങ്കിടേഷ് നിര്‍ദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.