'പരസ്പര ബഹുമാനമൊക്കെയാകാം..!'; പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് കസ്റ്റംസ്; ഡി.ജി.പിക്ക് പരാതി നൽകി കസ്റ്റംസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസ്-പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര പരാതിയുമായി കസ്റ്റംസ് മേധാവി. അന്വേഷണത്തിന്റെ പേരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ അകാരണമായി പീഡിപ്പിക്കുന്നു. യാതൊരു തെളിവുമില്ലാതെ ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുന്നു തുടങ്ങിയ പരാതികളാണ് ചീഫ് കസ്റ്റംസ് ഓഫീസർ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധവി ഷെയ്ഖ് ദർവേഷ് സാഹിബിന് നൽകിയ കത്തിൽ പറയുന്നത്.

പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാർട്ടേഴ്സിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിലെ അതൃപ്തി പ്രകടിപ്പിച്ചാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

എന്നാൽ, പരാതിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്‍റെ ക്വാർട്ടേഴ്സിലും ഹരിയാനയിൽ കൈത്തലിലെ സന്ദീപ് നെയിന്‍റെ കുടുംബ വീട്ടിലുമായിരുന്നു പരിശോധന നടന്നത്. ഉദ്യോഗസ്ഥന്‍റെ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം വിജിലൻസ് കൊണ്ടുപോയിരുന്നു.

എന്നാൽ, കോടതിയുടെ അനുമതിയോടെയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീടുകളിലെ പരിശോധന നിയമം പാലിച്ചുമാണ് പരിശോധന നടത്തിയതെന്നുമാണ് വിജിലൻസ് വ്യക്തമാക്കുന്നത്. യോഗേഷ് ഗുപ്തയാണ് വിജിലന്‍സ് ഡയറക്ടര്‍. 

കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേരളത്തിലും പഞ്ചാബിലും ഹരിയാനയിലുമടക്കം ഒമ്പത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. വിജിലന്‍സ് മലപ്പുറം യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. 2023 ഒക്ടോബറില്‍ കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്.

Tags:    
News Summary - Customs against police; Hunting in the name of investigation, Customs Chief Commissioner files complaint with DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.