തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ ലഭിച്ചവരെ സഹായിക്കാൻ പൊലീസിൽ പണപ്പിരിവ് തുടങ്ങി. വധശിക്ഷക്ക് വിധിക്കപ്പെട്ട എ.എസ്.ഐ ജിതകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ശ്രീകുമാർ എന്നിവരുടെ കുടുംബത്തിനെ സഹായിക്കാനും മേൽകോടതിയിൽ അപ്പീൽ പോകുന്നതുൾപ്പെടെ നിയമസഹായം ലഭ്യമാക്കാനുമായാണ് പണപ്പിരിവ്.
ഒരു സ്റ്റേഷനിൽനിന്ന് ഓരോ പൊലീസ് ഉദ്യോഗസ്ഥനും കുറഞ്ഞത് 1000 രൂപ നൽകണമെന്നാണ് നിർദേശം. ശമ്പള ദിവസമായ ബുധനാഴ്ച മുതൽ പിരിവ് ആരംഭിച്ചു. പിരിച്ചെടുക്കുന്ന തുകയിൽനിന്ന് കുറഞ്ഞത് 10 ലക്ഷം രൂപ വീതം ശിക്ഷിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മനഃപൂർവമല്ലാത്ത കൊലപാതകക്കുറ്റമാണ് പൊലീസുകാർക്കെതിരെയുള്ളതെന്നും കൃത്യനിർവഹണത്തിനിടെ സംഭവിച്ച പാളിച്ച എന്ന നിലക്ക് ഉദ്യോഗസ്ഥരുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ധനശേഖരണം. ഇതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മതവും പൊലീസ് അസോസിയേഷെൻറ മൗനാനുവാദവുമുണ്ട്. എത്രയും പെട്ടെന്ന് ഈ തുക പിരിച്ചെടുക്കാനാണ് നീക്കം. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായ സാഹചര്യത്തിലും നിയമ നടപടി ഉൾപ്പെടെ കാര്യങ്ങൾക്കായി പണപ്പിരിവ് നടത്തിയിരുന്നു. ഗുരുതര ശിക്ഷക്ക് വിധിക്കപ്പെട്ട പൊലീസുകാരെ സംരക്ഷിക്കാനും വകുപ്പുതല നടപടികൾ വൈകിപ്പിക്കാനും നീക്കം നടക്കുന്നെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പണപ്പിരിവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.