ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ

തിരുവനന്തപുരം : ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണമെന്ന് സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ. 2016ൽ നിലമ്പൂരിലെ കരുളായിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ മൃതദേഹം ബന്ധുക്കൾക്കും പൊതുപ്രവർത്തകർക്കും കാണാനുള്ള അവകാശം കോഴിക്കോട് മെഡിക്കൽ കോളജിൽ പോലീസ് നിഷേധിച്ചതിനെ സമാധാനപരമായി ചോദ്യം ചെയ്തതിന് പ്രതികാരമായി പൊലീസ് ചാർജ് ചെയ്ത കേസിൽ ഏഴ് വർഷത്തിനു ശേഷം മനുഷ്യാവകാശ - ട്രേഡ് യൂനിയൻ പ്രവർത്തകനായ ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്

അനീതിയെ ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ അവകാശമാണെന്നും ഒരു കുറ്റവും ചെയ്യാത്തയാൾ എന്തിനാണ് പിഴയൊടുക്കേണ്ടത് എന്നു മുള്ള ചോദ്യമാണ് എ വാസു കഴിഞ്ഞ ദിവസം കോടതിയുടെ മുന്നിൽ ഉന്നയിച്ചത്. നിയമപരിപാലനത്തിന്റെ സാങ്കേതികയിൽ മാത്രം അഭിരമിക്കുന്നവർക്ക് ആ ചോദ്യം മുന്നോട്ടു വയ്ക്കുന്ന നൈതികവും ധാർമികവുമായ രാഷ്ട്രീയം ഒരു പക്ഷെ മനസ്സിലാവണമെന്നില്ല. കേരളത്തിൽ 2016 മുതൽ നടന്ന എട്ടു കൊലപാതകങ്ങളെ മുന്നിൽ നിർത്തി  കുറ്റവും നിരപരാധിത്വവുമെന്ന വിഷയത്തെ തന്റെ ചോദ്യത്തിലൂടെ 94 വയസ്സുകാരനായ വാസുവേട്ടൻ (ഗ്രോ വാസുവെന്നും അറിയപ്പെടുന്ന) രാഷ്ട്രീയവൽക്കരിക്കുന്നു. നിരപരാധിത്വം എന്നാൽ നിഷ്ക്രിയത അല്ലെന്നും അപരാധങ്ങൾക്ക് എതിരെയുള്ള പ്രതിഷേധവുമാണെന്നുമുള്ള രാഷ്ട്രീയം അതുവഴി അദ്ദേഹം ഉയർത്തുന്നു.

അപരാധങ്ങൾക്കും അനീതികൾക്കും എതിരെയുള്ള വൈവിധ്യങ്ങളായ പ്രതിഷേധങ്ങളിലൂടെയാണ് ജനാധിപത്യഭാവനകൾ സാർത്ഥകമായ രാഷ്ട്രീയമായി മാറുന്നതെന്ന് ചരിത്രം പഠിപ്പിക്കുന്നു. അനീതികൾക്കും അപരാധങ്ങൾക്കുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളിലൂടെ തെളിയുന്ന ജനാധിപത്യഭാവനകളുടെ മറുവശത്തായിരുന്നു എല്ലാക്കാലത്തും ഭരണകൂടം. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഗ്രോ വാസുവിന് എതിരായ കേസും നിയമനടപടികളും. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഈ കേസും നടപടികളും. അതിനാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു.

ബി.ആർ.പി ഭാസ്ക്കർ, കെ.കെ.രമ എം.എൽ.എ, സണ്ണി എം.കപിക്കാട്, ബി.രാജീവൻ, കല്പറ്റ നാരായണൻ, എം.എൻ കാരശ്ശേരി, ഡോ: എം കുഞ്ഞാമൻ, കെ. അജിത, ഡോ: ആസാദ് ജെ. ദേവിക, സാറാ ജോസഫ്. കുരീപ്പുഴ ശ്രീകുമാർ, ഡോ: എ.കെ. രാമകൃഷ്ണൻ, എം. ഗീതാനന്ദൻ ഡോ: റാം മോഹൻ, കെ. സഹദേവൻ, പ്രമോദ് പുഴങ്കര, അഡ്വ: തുഷാർ നിർമൽ സാരഥി... തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.   

Tags:    
News Summary - Cultural and political activists say that Gro Vasu should be released unconditionally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.