ശബരിമലയിലെ തിരക്ക്; അപായകരമായ ആൾക്കൂട്ടം, നിയന്ത്രിക്കാൻ നടപടി ഉണ്ടാകും - കെ. ജയകുമാർ

ശബരിമല: മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയിട്ടുണ്ട്. ഇന്ന് 2 മണിവരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.

പമ്പയില്‍ വന്നു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് സുഗമമായി മലകയറി ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. അതുകൊണ്ട് ഭക്തരെ നിലക്കലില്‍ നിര്‍ത്താന്‍ കഴിയണം. അവിടെ സാധ്യമായ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. ശബരിമല മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ഇപ്പോള്‍ പതിനഞ്ച് മണിക്കൂര്‍ വരെയാണ് ഭക്തര്‍ ക്യൂനില്‍ക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്‌സില്‍ ഇരുത്താന്‍ നടപടിയെടുക്കും. ക്യൂ കോംപ്ലക്‌സില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. പമ്പക്ക് പുറമെ നിലക്കലിലും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. ഏഴ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതല്‍ നിലക്കലില്‍ ആരംഭിക്കുകയെന്നു ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയ്യാറാവുകയുള്ളൂ. കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണം ചെയ്യാൻ 200 പേരെ അധികമായി എടുത്തു. ആളുകൾക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. നാലുമണിക്കൂറായി നിൽക്കുന്നവന് വെള്ളം കൊടുക്കണം. ശുചിമുറികൾ വൃത്തിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ എത്തിക്കുമെന്നും ജയകുമാർ പറഞ്ഞു.

മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം ഇന്ന് ഉച്ചക്ക് 12 മണി വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരെന്നാണ് കണക്ക്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചക്ക് 12 വരെ 44,401 പേരുമാണ് ദർശനം കഴിഞ്ഞ് മടങ്ങിയത്.

Tags:    
News Summary - Crowding in Sabarimala; Dangerous crowd, action will be taken to control it - K. Jayakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.