മണ്ണാര്‍ക്കാട്: കൈക്കൂലി വാങ്ങവെ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് നടത്തിയ വിജിലൻസ് പരിശോധനയിൽ പണവും നാണയങ്ങളുമടക്കം ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യം കണ്ടെത്തി. മണ്ണാര്‍ക്കാട് നഗരമധ്യത്തിലെ ഷോപ്പിങ് കോംപ്ലക്‌സിലെ വാടകമുറിയില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
മുറിയില്‍നിന്ന് 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. റെയ്ഡില്‍ ആകെ 1,06,00,000 രൂപയുടെ പണവും നിക്ഷേപവുമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്‍ പറഞ്ഞു. റെയ്ഡ് രാത്രി 8.30നാണ് അവസാനിച്ചത്. അടുത്തുള്ള സ്ഥാപനങ്ങളിൽനിന്ന് പണം എണ്ണുന്ന മെഷീൻ എത്തിച്ചാണ് എണ്ണി തിട്ടപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസ സ്ഥലത്തുനിന്ന് അനധികൃതസമ്പാദ്യം എന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. ഇയാളുടെ തിരുവനന്തപുരം ചിറയിന്‍കീഴിലെ വീട്ടിലും റെയ്ഡ് നടത്തുന്നതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ്, ഫറോഖ്, എസ്.ഐമാരായ സുരേന്ദ്രന്‍, മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്, മണ്ണാര്‍ക്കാട് സി.ഐ ബോബിന്‍ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.