പെട്രോള്‍ പമ്പ് ഉടമയുടെ കൊലപാതകം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും 

മാവേലിക്കര: പെട്രോള്‍ പമ്പ്​ ഉടമയെ ബൈക്കിലെത്തി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും. ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരൻ നായരെ‍ (55) കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയില്‍ പൂമലച്ചാല്‍ മഠത്തിലേത്ത് വീട്ടില്‍ ബോഞ്ചോ എന്ന് വിളിക്കുന്ന അനു (26), രണ്ടാം പ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാല്‍ കണ്ണുകുഴിച്ചിറ വീട്ടില്‍ രാജീവ് (26), മൂന്നാം പ്രതി ചെറിയനാട് തുരുത്തിമേല്‍ പ്ലാവിള വടക്കേതില്‍ മനോജ് ഭവനത്തില്‍ മനോജ് (ഐസക് ^-25) എന്നിവർക്കാണ്​ മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജി. അനില്‍കുമാർ ജീവപര്യന്തം തടവും 35,000 രൂപ വീതം പിഴയും വിധിച്ചത്​. 2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജങ്​ഷന് സമീപമായിരുന്നു സംഭവം.

പെട്രോളടിക്കാന്‍ വൈകിയതിനെ ചൊല്ലി മനോജും അനുവും  ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ ഇടപെട്ട മുരളീധരൻ നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം രാത്രി വീട്ടിലേക്ക് പോകവെ പിന്തുടര്‍ന്നാണ്​ ആക്രമിച്ചത്​. രാജീവ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്​ തടഞ്ഞുനിര്‍ത്തി. പിന്നാലെ മനോജിനൊപ്പം ബൈക്കിലെത്തിയ അനു കമ്പിവടികൊണ്ട് മുരളീധരന്‍ നായരുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 
സി.ഐ ജി. അജയനാഥ്​, എസ്.ഐ പി. രാജേഷ്​ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്​. സര്‍ക്കാര്‍ അഭിഭാഷകന്‍ സുനില്‍ മഹേശ്വരന്‍പിള്ളയെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ആർ. രവീന്ദ്രനാഥ്, കെ.ടി. അനീഷ് മോന്‍ എന്നിവര്‍ ഹാജരായി. ഒന്നാം പ്രതിയായ അനുവിന് ജാമ്യം നിഷേധിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈകോടതി നിർദേശവും ഉണ്ടായിരുന്നു.


വിധിയിൽ പൂർണ തൃപ്തി -ബന്ധുക്കൾ
മാവേലിക്കര: പ്രതികൾക്ക്​ ലഭിച്ച ശിക്ഷയിൽ പൂർണ തൃപ്തിയുണ്ടെന്ന് ബന്ധുക്കൾ. സഹോദരൻമാരായ ചന്ദ്രശേഖരൻ നായർ, സോമശേഖരൻ നായർ, മോഹൻ നായർ, സഹോദരി ശ്രീദേവി, ചേട്ട​​​െൻറ ഭാര്യ വിജയമ്മ എന്നിവർ വിധി കേൾക്കാൻ കോടതിയിൽ  എത്തിയിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. 

Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.