ആയയെ കുരുന്നുകളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

മൂന്നാര്‍: സ്കൂള്‍ പ്രായമാകാത്ത കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തില്‍ (ക്രഷ്) കുരുന്നുകളുടെ മുന്നിലിട്ട് ആയയെ വെട്ടിക്കൊന്നു. കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഗുണ്ടുമല എസ്റ്റേറ്റിലെ ക്രഷിലെ ആയ, ബെന്‍മോര്‍ ടോപ്പ് ഡിവിഷനിലെ മണികുമാറിന്‍െറ ഭാര്യ രാജഗുരുവാണ് (47) ദാരുണമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.

ക്രഷില്‍ ഝാര്‍ഖണ്ഡ് സ്വദേശികളുടേതടക്കം 11കുട്ടികളാണുള്ളത്. ആറുമാസം മുതല്‍ മൂന്ന് വയസ്സുവരെ കുട്ടികളെ ക്രഷിലാക്കിയ ശേഷമാണ് രാവിലെ സ്ത്രീ തൊഴിലാളികള്‍ തോട്ടങ്ങളിലേക്ക് പോകുന്നത്. ഉച്ചയോടെ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. ചൊവ്വാഴ്ച 12.30ഓടെ ഝാര്‍ഖണ്ഡ് സ്വദേശിനി ജവാനി ബഡ്യൂക് കുട്ടിയെ കൊണ്ടുപോകാന്‍ ക്രഷിലത്തെിയെങ്കിലും വാതിലും ജനാലകളും പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പിന്‍വശത്തത്തെി ജനല്‍വഴി നോക്കുമ്പോള്‍ ചോരവാര്‍ന്നുകിടക്കുന്ന രാജഗുരുവിനെ കണ്ടു. സംഭവം നടക്കുമ്പോള്‍ നാലുകുട്ടികള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. ജവാനി ബഡ്യൂക് എത്തുമ്പോള്‍ മറ്റൊരുമുറിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ജവാനിയുടെ ബഹളം കേട്ട് ഓടിയത്തെിയ നാട്ടുകാര്‍ രാജഗുരുവിനെ ഉടന്‍ സമീപത്തെ കമ്പനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

രാജഗുരു അണിഞ്ഞിരുന്ന 12 പവന്‍ വരുന്ന രണ്ട് മാലകള്‍ മോഷണം പോയിട്ടുണ്ട്. തലയുടെ പിന്നിലും നെറ്റിക്ക് മുകളിലും നാലോളം വെട്ടുകളുണ്ട്. ക്രഷിന്‍െറ അകത്തുകയറിയ അക്രമി വാതിലും ജനാലകളും പൂട്ടി രാജഗുരുവിനെ കൊലപ്പെടുത്തിയശേഷം അടുക്കളയിലൂടെ രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി ഒന്നിലധികം പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കരുതുന്നു. 12 മണിയോടെ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ പളനിസ്വാമി, വാച്ചര്‍ സുബ്രഹ്മണ്യം എന്നിവര്‍ ക്രഷിലത്തെി രാജഗുരുവുമായി സംസാരിച്ച് മടങ്ങിയിരുന്നു.
ഇടുക്കി എസ.്പി കെ.ബി വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ മൂന്നാര്‍ ഡിവൈ.എസ്.പി അനിരുദ്ധന്‍, സി.ഐ സാം ജോസ്, എസ്.ഐ ജിതേഷ് എന്നിവര്‍ അന്വേഷണം ആരംഭിച്ചു. ആഭരണങ്ങള്‍ കഴുത്തിലണിഞ്ഞുനടക്കുന്ന രാജഗുരുവിനെ പരിചയമുള്ളവരാകും കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍െറ സംശയം. ഭര്‍ത്താവ് മണികുമാര്‍ ടൂറിസ്റ്റ് ഗൈഡാണ്. മക്കള്‍: രാമരാജ്, രാജ്കുമാര്‍.

Tags:    
News Summary - crime against women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.