തിരുവനന്തപുരം: കേരളത്തിലെ ആർ.എസ്.എസ് - സി.പി.എം ബാന്ധവം എല്ലാ മറകളും നീക്കി പുറത്തുവന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടക്കാനിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. തീർത്തും ദുർബലനായ സ്ഥാനാർഥിയെയാണ് ബി.ജെ.പി നിലമ്പൂരിൽ നിർത്തിയിരിക്കുന്നത്. ഇത് ആരെ സഹായിക്കാൻ വേണ്ടിയായിരുന്നു എന്ന് ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“മുൻകാലങ്ങളിൽ തങ്ങൾ ആർ.എസ്.എസ്സുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ വെളിപ്പെടുത്തൽ പുറത്തുവന്നത് ഇന്നലെയാണ്. തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, സി.പി.എം സംസ്ഥാന നേതൃത്വം നടത്തിയ പ്രസ്താവന ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർക്കും അനുയായികൾക്കുമുള്ള വ്യക്തമായ തെരഞ്ഞെടുപ്പ് സന്ദേശമാണ്.
നിലമ്പൂരിൽ കാവിയും ചുവപ്പും കൂട്ടിക്കെട്ടിയ അവിശുദ്ധ മുന്നണി രൂപപ്പെട്ടിരിക്കുന്നു. പിണറായി വിജയൻ നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ദാസ്യത്തിന്റെ പേരിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കേണ്ടത് ആർ.എസ്.എസ്സിന്റെ അഭിമാന പ്രശ്നമയാണ് അവർ കാണുന്നത്.
ഉപതെരഞ്ഞെടുപ്പ് ചർച്ചകളുടെ തുടക്കത്തിൽത്തന്നെ ബി.ജെ.പി സ്വീകരിച്ച നിലപാടുകൾ സംശയം ഉയർത്തിയിരുന്നു. രാഷ്ട്രീയ കേരളത്തിൽ ശക്തിപ്പെട്ടു വരുന്ന സി.പി.എം - ആർ.എസ്.എസ് കൂട്ടുകെട്ടിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിൽ നടക്കേണ്ടത്. അതിനായി ഫാഷിസ്റ്റ് വിരുദ്ധ പക്ഷത്തുള്ള മുഴുവൻ ജനങ്ങളും ഒരുമിച്ചു നിലയുറപ്പിക്കണം” -റസാഖ് പാലേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.