തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ സി.പി.എം സംസ്ഥാന സമിതിയിലെ ക്ഷണിതാക്കള്‍ ആറായി ഉയരും. 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം 85 അംഗ സംസ്ഥാന സമിതിയെ ആണ് തെരഞ്ഞെടുത്തത്. 

പാലോളി മുഹമ്മദ് കുട്ടി, എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ ക്ഷണിതാക്കളുമാക്കി. പ്രായാധിക്യവും യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതും കണക്കിലെടുത്തായിരുന്നു ഇത്. ശേഷം 2016 നവംബറില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രി സി. രവീന്ദ്രനാഥിനെയും വയനാട് ജില്ല സെക്രട്ടറി എം. വേലായുധനെയും ക്ഷണിതാക്കളാക്കി. ക്ഷണിതാക്കള്‍ക്ക് സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യാമെങ്കിലും വോട്ട് അവകാശം ഉണ്ടാവില്ല. വി.എസിന്‍െറ ഒരു വോട്ട് നിര്‍ണായകമായ സ്ഥിതിയല്ല സംസ്ഥാന സമിതിയില്‍ എന്നതിനാല്‍ അതിന് ഒരു പ്രാധാന്യവുമില്ല.

സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയതിനാല്‍ വി.എസിനെ ഉള്‍പ്പെടുത്താതെയാണ് സംസ്ഥാന സമിതി രൂപവത്കരിച്ചത്. 
പിന്നീട് 2015 ഏപ്രിലില്‍ വിശാഖപട്ടണത്ത് ചേര്‍ന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വി.എസിനെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കി. 
എന്നാല്‍, സംസ്ഥാന നേതൃത്വവുമായുള്ള രൂക്ഷ ഭിന്നതയില്‍ സംസ്ഥാന സമിതി യോഗങ്ങളില്‍നിന്ന് വിട്ടുനിന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്‍െറ ഇടപെടലില്‍ കേന്ദ്ര കമ്മിറ്റി അംഗം എന്നനിലയില്‍ പങ്കെടുക്കുകയായിരുന്നു. 

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.വി. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തോടെ സംസ്ഥാന സമിതിയില്‍ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

News Summary - cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.