കഠ്​​വ ഫണ്ടിൽ കുരുക്കാൻ സി.പി.എം; തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടുള്ള ആരോപണമെന്ന് യൂത്ത് ലീഗ് നേതൃത്വം

കോഴിക്കോട്​: കഠ്​​വ -ഉന്നാവ്​ സഹായ ഫണ്ട് സംബന്ധിച്ച് ദേശീയ സമിതി മുൻ അംഗമായ യൂസഫ്​ പടനിലം ഉയർത്തിയ ആരോപണത്തിൽ മുസ് ലിം ലീഗ് യുവജന പ്രസ്ഥാനമായ യൂത്ത് ലീഗിനെ കുരുക്കാനുള്ള നീക്കവുമായി സി.പി.എം. കഠ്​​വ -ഉന്നാവ്​ പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി യൂത്ത്​ ലീഗ്​ സമാഹരിച്ച തുക ഇരകൾക്ക്​ കൈമാറാ​െത വകമാറ്റിയെന്നും കൃത്യമായ കണക്കുകൾ ഇല്ലെന്നും ആണ് യൂസഫ്​ പടനിലം വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. ഈ ആരോപണം ഏറ്റെടുത്താണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ സി.പി.എം ആക്രമണം അഴിച്ചുവിട്ടത്.

മുഈനലി തങ്ങളുടെ പ്രതികരണം പിടിവള്ളിയാക്കി സി.പി.എം

ആരോപണം ശരിയാണെന്ന തരത്തിൽ ദേശീയ വൈസ്​ പ്രസിഡന്‍റും പാണക്കാട്​ ഹൈദരലി തങ്ങളുടെ മകനുമായ​ മുഇൗനലി തങ്ങളുടെ പ്രതികരണമാണ് യൂത്ത്​ ലീഗിനെ ആക്രമിക്കാൻ സി.പി.എം പിടിവള്ളിയാക്കിയത്. യൂത്ത്​ ലീഗ്​ പിരിച്ച കഠ്​​വ ഫണ്ട്​ സംബന്ധിച്ച കണക്കുകൾ വ്യക്​തമല്ലെന്നാണ്​ മുഇൗനലി തങ്ങൾ പ്രതികരിച്ചത്. ഫണ്ട്​ സംബന്ധിച്ച കണക്കുകൾ വ്യക്​തമാക്കണമെന്ന്​ പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതുണ്ടായില്ല. എം.എസ്​.എഫും ഇതിനായി ഫണ്ട്​ പിരിച്ചിരുന്നുവെന്നും അതിനും കണക്കുകളില്ലെന്നും​ മുഇൗനലി തങ്ങൾ മാധ്യമങ്ങളോട്​ വ്യക്തമാക്കിയിരുന്നു.

ആരോപണം നിഷേധിച്ച് യൂത്ത് ലീഗ് മുൻ ദേശീയ അധ്യക്ഷൻ

ഇതിനിടെ, കഠ്​​വ -ഉന്നാവ്​ ഫണ്ട് ആരോപണമാണ് യൂത്ത് ലീഗ് മുൻ ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാറിന്‍റെ രാജിക്ക് കാരണമെന്ന് ആരോപണം ഉയർന്നു. എന്നാൽ, ആരോപണം നിഷേധിച്ച സാബിര്‍, രാജി സംബന്ധിച്ച തന്‍റെ നിശബ്ദത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് വ്യക്തമാക്കി. വിവാദത്തിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണ്. പാർട്ടിയിലുണ്ടായ ചില അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ രാജിവെച്ചതെന്നും സാബിര്‍ വിഡിയോ സന്ദേശത്തിൽ ‍വെളിപ്പെടുത്തി.

കണക്കുകൾ ദേശീയ കമ്മിറ്റിയിൽ അവതരിപ്പിച്ചെന്ന് സി.കെ. സുബൈർ

കഠ്​വ ഫണ്ട്​ സംബന്ധിച്ച കണക്കുകൾ ദേശീയ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ആ യോഗത്തിൽ യൂസഫ്​ പടനിലം ഉൾപ്പെടെ ഒപ്പുവെക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ യൂത്ത്​ ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറും വിശദീകരിച്ചിരുന്നു. കേസിൽ യൂത്ത്​ ലീഗ്​ ദേശീയ കമ്മിറ്റിയാണ്​ കുടുംബത്തിന്​ വേണ്ട സഹായം ചെയ്​തു കൊടുക്കുന്നത്​. കേസ്​ നിലവിൽ ഹൈകോടതിയിൽ അപ്പീൽ പരിഗണനയിലാണ്​​. അഭിഭാഷകനെ നിയമിക്കുകയും അദ്ദേഹത്തോട്​ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്​. ഇക്കാര്യങ്ങളെല്ലാം ഫേസ്​ബുക്ക്​ വഴി ഉൾപ്പെടെ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും സുബൈർ മാധ്യമങ്ങളോട് വ്യക്​തമാക്കിയിരുന്നു.

നേതാക്കൾ ഫണ്ട്​ വകമാറ്റിയെന്ന് യൂസഫ് പടനിലം

2018 ഏപ്രിൽ 20ന്​ വെള്ളിയാഴ്​ച പള്ളികളിൽ നടത്തിയ ഫണ്ട്​ സമാഹരണത്തിലൂടെയും വിദേശനാടുകളിൽ നിന്നടക്കം പണപ്പിരിവ്​ നടത്തിയും ഒരു കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് ​യൂസഫ് പടനിലം പറയുന്നത്. എന്നാൽ, ഇതു സംബന്ധിച്ച കണക്കുകൾ കമ്മിറ്റികളിൽ അവതരിപ്പിക്കാൻ നേതൃത്വം തയാറായിട്ടില്ല. ചോദിച്ചപ്പോൾ 48 ലക്ഷം രൂപ സമാഹരിച്ചതായി അനൗദ്യോഗികമായി അറിയിക്കുകയാണ്​ ഉണ്ടായത്.

കഠ്​​വ ഫണ്ടിൽ നിന്ന്​ സി.കെ. സുബൈറും പി.കെ. ഫിറോസും അടക്കമുള്ള നേതാക്കൾ ഫണ്ട്​ വകമാറ്റിയിട്ടുണ്ട്​​. പി.കെ. ഫിറോസ്​ നയിച്ച 2019ലെ യുവജന യാത്രയുടെ കടംതീർക്കാൻ 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്നാണ്​ വകമാറ്റിയത്​. രോഹിത്​ വെമുലയുടെ കുടുംബത്തിന്​ വീട്​ നിർമിക്കാൻ മുസ്​ലിം ലീഗ്​ ദേശീയ കമ്മിറ്റി നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക്​ മടങ്ങിയപ്പോൾ മുഖം രക്ഷിക്കാനായി വെമുലയുടെ അമ്മക്ക്​ നേരിട്ട്​ കൈമാറിയ അഞ്ച്​ ലക്ഷം രൂപയും ഈ ഫണ്ടിൽ നിന്ന്​ വകമാറ്റിയതാണ്​. എന്തിനു വേണ്ടിയാണ്​ ഫണ്ട്​ പിരിവ്​ നടത്തിയത്​ അവർക്ക്​ മാത്രം ഒരു രൂപ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും യൂസഫ്​ ആരോപിക്കുന്നു.

കഠ്​വ കേസിൽ ആദ്യ വിധി വന്നപ്പോൾ നേതാക്കൾ അവി​െട ചെന്ന്​ അവർക്കൊപ്പം നിന്ന്​ ഫോ​ട്ടോ എടുത്ത്​​ പത്രങ്ങളിൽ വാർത്ത നൽകി. എന്നാൽ, പഞ്ചാബ്​ മുസ്​ലിം ഫെഡറേഷനാണ്​ കേസ്​ നടത്തിയത്​. ഫണ്ട്​ സംബന്ധിച്ച കണക്ക്​ ചോദിച്ചിട്ടും ലഭിക്കാത്തതിനാലാണ്​​ യൂത്ത്​ ലീഗ്​ ദേശീയ പ്രസിഡന്‍റ്​ രാജിവെച്ചത്​. അഴിമതി ചോദ്യം ചെയ്​തതി​ന്‍റെ പേരിലാണ്​ യൂത്ത്​ ലീഗ്​ ദേശീയ വൈസ്​ പ്രസിഡൻറ്​ മുഇൗനലി തങ്ങളെ ഭാരവാഹിത്വത്തിൽ നിന്നകറ്റാനുള്ള ശ്രമം നടക്കുന്നത്​. ബാങ്ക് വിവരം പുറത്തുവിടാൻ യൂത്ത് ലീഗ് തയാറാകണമെന്ന് ആവശ്യപ്പെട്ട യൂസഫ്​ പടനിലം സംഭവത്തിൽ വിജിലൻസിന് പരാതി നൽകുമെന്നും പറഞ്ഞിരുന്നു.

പടനിലം ആരോപണം ഉന്നയിക്കുന്നത് പാർട്ടിയിൽ നിന്ന്​ പുറത്താക്കിയത് പരസ്യമാകാതിരിക്കാൻ -പി.കെ. ഫിറോസ്​

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ്​ ലഭിക്കാത്തതിനെ തുടർന്ന്​ ഇടതുപക്ഷ സ്​ഥാനാർഥിയായി മത്സരിച്ച യൂസഫ്​ പടനിലത്തെ അന്നു തന്നെ പാർട്ടിയിൽ നിന്ന്​ പുറത്താക്കിയതാണെന്നും അങ്ങനെ പുറത്താക്കപ്പെട്ടുവെന്നത്​ പരസ്യമാകാതിരിക്കാൻ വേണ്ടിയാണ്​ ഇത്തരം ആരോപണം ഉന്നയിക്കുന്ന​െതന്നും ആണ് പി.കെ. ഫിറോസ്​ വിശദീകരിച്ചത്. പ്രാഥമികാംഗത്വത്തിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്യപ്പെട്ടയാൾ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ നടത്തുന്ന ആരോപണം മാത്രമാണിത്​. യുവജനയാത്രക്കായി ഒരു രൂപ പോലും ദേശീയ കമ്മിറ്റിയിൽ നിന്നോ കഠ്​​വ ഫണ്ടിൽ നിന്നോ വാങ്ങിയിട്ടില്ല. ഈ ഫണ്ട്​ സംബന്ധിച്ച വിവര​ങ്ങളെല്ലാം മാധ്യമങ്ങളിൽ ദേശീയ കമ്മിറ്റി നേരത്തേ പ്രസിദ്ധീകരിച്ചതാണ്​. ഇത്തരം അടിസ്​ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യൂസഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫിറോസ്​ വിശദീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT