മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രചാരണ രംഗത്ത് എൽ.ഡി.എഫ് ഏറെമുന്നിലാണെന്നും വലിയ ഭൂരിപക്ഷമില്ലെങ്കിലും നിലമ്പൂരിൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
പി.വി അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാണെന്നും യു.ഡി.എഫ് വോട്ടുകളായിരിക്കും അൻവറിന് ലഭിക്കുകയെന്നുമാണ് സെക്രട്ടറിയേറ്റിന്റെ കണക്ക് കൂട്ടൽ. സ്വരാജിന്റെ സ്ഥാനാർഥിത്വം മണ്ഡലത്തിൽ വലിയ ആവേശമുണ്ടാക്കിയെന്നും അത് വോട്ടാക്കിമാറ്റാനാണ് ശ്രമിക്കേണ്ടതെന്നും നേതാക്കൾ സെക്രട്ടറിയേറ്റിൽ പറഞ്ഞു.
മതസംഘടനകളെ കൂട്ടുപിടിച്ചാണ് യു.ഡി.എഫ് വോട്ടുറപ്പിക്കാൻ ശ്രമിക്കുന്നതെന്ന വിമർശനവും സെക്രട്ടറിയേറ്റ് ഉന്നയിച്ചു. ചൊവ്വാഴ്ച രാവിലെ നിലമ്പൂരിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നത്.
അതേസമയം, വെൽഫെയർ പാർട്ടിയുടെ പിന്തുണയെ ചൊല്ലി യു.ഡി.എഫിനെതിരെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേതാക്കൾ. മതരാഷ്ട്രവാദികളുടെ വോട്ടുവാങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ശക്തമായ മറുപടിയും നൽകി.
മുമ്പ് സി.പി.എമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്‍ലാമി മതേതരവാദിയായിരുന്നുവെന്നും ഇപ്പോൾ യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ വർഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓന്തിനെപ്പോലെ നിറംമാറുകയാണ് സി.പി.എം. മുസ്ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‍ലാമിയെന്ന് 2009ൽ പിണറായി വിജയൻ പറഞ്ഞത് സതീശൻ ഓർമിപ്പിച്ചു.പി.ഡി.പിയുടെ പിന്തുണ സി.പി.എമ്മിന് കിട്ടിയിട്ടുണ്ടല്ലോ. അതിൽ ഒരു വിഷമവും അവർക്കില്ലല്ലോയെന്നും വി.ഡി.സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.