പാറത്തോട്: പാറത്തോട് പഞ്ചായത്തിൽ നടന്ന സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനൊപ്പം പാറത്തോട് പഞ്ചായത്തിൽ പകരംവീട്ടി സി.പി.എംന്ന് സി.പി.ഐ അംഗത്തെ പരാജയപ്പെടുത്തി.സി.പി.ഐ അംഗത്തിന്റെ പിടിവാശിമൂലം എരുമേലിയിൽ സി.പി.എമ്മിന് ഭരണം നഷ്ടമായ സംഭവത്തിൽ ഉടൻ തിരിച്ചടിയുണ്ടാവുമെന്ന് സി.പി.എം നേരത്തേ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനൊപ്പം ചേർന്നാണ് സി.പി.ഐ അംഗത്തെ സി.പി.എം പരാജയപ്പെടുത്തിയത്.രണ്ട് ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ബീന ജോസഫും കേരള കോൺഗ്രസ് എമ്മിലെ ഡയസ് മാത്യു കോക്കാട്ടും സി.പി.ഐയിലെ ടി. രാജനുമാണ് മത്സരിച്ചത്.
ബീന ജോസഫിനും ഡയസിനും ഏഴ് വീതം വോട്ട് ലഭിച്ചപ്പോൾ സി.പി.ഐ അംഗത്തിന് സി.പി.ഐ മെംബർമാരുടെ മൂന്ന് വോട്ട് മാത്രമാണ് നേടാനായത്. ആരോഗ്യ വിദ്യാഭ്യാസ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങൾ പരസ്പരം വെച്ചുമാറാനായിരുന്നു എരുമേലിയിലെ അവിശ്വാസത്തിന് മുമ്പ് സി.പി.ഐ, സി.പി.എം തീരുമാനം. അവിശ്വാസത്തിൽ തിരിച്ചടി ഉണ്ടായതോടെ ഈ ധാരണ സി.പി.എം ഉപേക്ഷിച്ചതായാണ് സൂചന.
ഇതനുസരിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം സി.പി.എമ്മും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കേരള കോൺഗ്രസ് എമ്മും ഏറ്റെടുക്കും. ഫലത്തിൽ സി.പി.ഐക്ക് സ്ഥിരംസമിതികൾ ഒന്നും ലഭിക്കാനിടയില്ല.ഇത് വരുംദിവസങ്ങളിൽ സി.പി.എം, സി.പി.ഐ പോര് രൂക്ഷമാക്കാൻ ഇടയാക്കിയേക്കും.
എരുമേലി: കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ എൽ.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായതിനു പിന്നാലെ സമൂഹമാധ്യമത്തിലൂടെ പഴിചാരൽ സജീവം. ഇരുമുന്നണിയിലെയും ചില പ്രവർത്തകർ പരസ്പരം പോർവിളി നടത്തുമ്പോൾ ഭരണം നഷ്ടപ്പെടാൻ കാരണം സ്വന്തം പാർട്ടിയിലെ ചിലരുടെ പിടിവാശിയാണെന്ന തരത്തിലും പോസ്റ്ററുകൾ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു.
സ്വതന്ത്രന്റെ പിന്തുണയിൽ ഭരണം തീരുമാനിക്കുന്ന എരുമേലി പഞ്ചായത്തിൽ ആദ്യം മുതൽ സ്വതന്ത്രൻ യു.ഡി.എഫിനൊപ്പം ആയിരുന്നു. എന്നാൽ, നിർഭാഗ്യം കൊണ്ടാണ് ഭരണം എൽ.ഡി.എഫിൽ എത്തിയത്. കോൺഗ്രസ് സ്വതന്ത്രനെ കൂടെനിർത്തി അവിശ്വാസം കൊണ്ടുവരാൻ രണ്ടാംതവണ നടത്തിയ ശ്രമം തകർക്കാൻ എൽ.ഡി.എഫ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.സ്വതന്ത്രന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി ഒപ്പം നിർത്താമെന്നതരത്തിൽ എൽ.ഡി.എഫിൽ ചർച്ച ഉണ്ടായെന്നും എന്നാൽ, സി.പി.ഐ അംഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയാറായില്ലെന്നുമാണ് അഭ്യൂഹം.
ഇതിനിടെ പഞ്ചായത്ത് ജീവനക്കാരിയുടെ പരാതിയിൽ കോൺഗ്രസിലെ ഒരംഗത്തിനെതിരെ കേസെടുത്തെങ്കിലും പൊലീസ് തണുപ്പൻ നടപടി സ്വീകരിച്ചെന്ന തരത്തിൽ എരുമേലി പൊലീസിനെ പഴിചാരിയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.എന്നാൽ, പഴിചാരലും വാചകപ്രയോഗങ്ങളും ആഘോഷമാക്കുകയാണ് സമൂഹമാധ്യമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.