പയ്യന്നൂർ: പയ്യന്നൂരിലെ സി.പി.എമ്മിൽ അച്ചടക്ക നടപടിയുടെ പേരിൽ നടക്കുന്നത് പരാജയഭീതി മൂലമുള്ള വെട്ടിനിരത്തലാണെന്ന് മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിനും തെരഞ്ഞെടുപ്പിൽ സഹായിച്ചതിനും പ്രവർത്തകർക്കെതിരെ നടപടിയെടുക്കുന്ന നേതൃത്വത്തിന്റെ ശൈലി താൻ ഉയർത്തിയ അഴിമതി ആരോപണങ്ങൾ ശരിയായിരുന്നു എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കള്ളവോട്ടിലൂടെ ജയിക്കാമെന്ന് കരുതിയ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കുണ്ടായ ഭയമാണ് പെട്ടെന്നുള്ള നടപടികൾക്ക് പിന്നിൽ. സ്വന്തം സഖാക്കളെപ്പോലും വിശ്വസിക്കാത്ത ഏകാധിപത്യ പ്രവണതയാണിതെന്നും റിയൽ എസ്റ്റേറ്റ്, കൊട്ടേഷൻ മാഫിയകളുമായി ബന്ധമുള്ള പ്രാദേശിക നേതൃത്വം തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിലങ്ങുതടിയാകുന്ന കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ സ്ഥാനാർത്ഥിത്വം പയ്യന്നൂരിൽ ചലനമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞിരിക്കെ, എന്തിനാണ് അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ ഇപ്പോൾ തിരക്കിട്ട് നടപടിയെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഒരു കാഴ്ചക്കാരനായി വന്നതിനാണ് ടി. പുരുഷോത്തമനെ പുറത്താക്കിയതെങ്കിൽ, ആ പൊതുപരിപാടിയിൽ വന്ന നൂറുകണക്കിന് ആളുകളെയും പുസ്തകം വാങ്ങി വായിച്ചവരെയും പാർട്ടി പുറത്താക്കുമോ എന്നും കുഞ്ഞികൃഷ്ണൻ പരിഹസിച്ചു. ചില വ്യക്തികൾക്ക് അനഭിമതരായ ആളുകളെ പുറത്താക്കാൻ തന്റെ പേരും പുസ്തകവും മറയാക്കുകയാണ്. പുറത്താക്കപ്പെട്ടവർ തനിക്ക് വേണ്ടി പ്രവർത്തിച്ചു എന്നതിന് തെളിവ് പുറത്തുവിടാൻ നേതൃത്വത്തെ വെല്ലുവിളിച്ച അദ്ദേഹം, അഴിമതിയെ ചോദ്യം ചെയ്യുന്ന മറ്റൊരു വി. കുഞ്ഞികൃഷ്ണൻ ഉണ്ടാവരുത് എന്ന ചിന്തയാണ് ഈ നടപടികൾക്ക് പിന്നിലെന്നും കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം
'വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് ടി പുരുഷോത്തമനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി.' ഇന്നലെ രാവിലെ റിപ്പോർട്ടർ ചാനൽ ബ്രേക്ക് ചെയ്ത വാർത്തയാണിത്. 'വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചു, പയ്യന്നൂരിൽ കൂട്ട നടപടിക്കൊരുങ്ങി സിപിഎം.' 'അഞ്ച് ലോക്കൽ കമ്മറ്റി അംഗങ്ങൾക്കെതിരെ നടപടിയെടുക്കും, വി കുഞ്ഞികൃഷ്ണനെ സഹായിക്കാൻ ഏരിയ കമ്മിറ്റി അംഗം ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി' എന്നും വാർത്തയുടെ തുടർച്ച...!
പയ്യന്നൂർ ഗാന്ധി പാർക്കിൽ വച്ചു നടന്ന എന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഒരു കാഴ്ച്ചക്കാരനായി വന്നതിനാണോ ടി പുരുഷോത്തമനെ സിപിഎം പുറത്താക്കിയത്? അല്ലെന്നാണ് എന്റെ നിഗമനം! അങ്ങനെ എങ്കിൽ ഒരു പൊതു സ്ഥലത്ത് വച്ച് നടന്ന ആ പൊതു പരിപാടിയിൽ വന്ന് പോയ, എന്റെ പുസ്തകം പരസ്യമായും രഹസ്യമായും വാങ്ങിച്ചു വായിച്ച എത്രപേരെ പാർട്ടി പുറത്താക്കും.
ഇത് വിഷയം വ്യക്തിപരമാണ്. വ്യക്തി വൈരാഗ്യപരവുമാണ്. ആശയങ്ങളെ ബാലികഴിക്കാനുള്ള പ്രവർത്തിയും അതിലുപരി പരാജയ ഭീതി കൊണ്ടും കൂടിയാണ്.
നടപടി സംബന്ധിച്ച് വാർത്ത സ്വന്തം ആശ്രിതരിലൂടെ "വർഗ്ഗവഞ്ചകർ പുറത്ത്" എന്ന തലക്കെട്ടുകളോടെ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുക വഴി, ഇവർ പ്രതിനിധാനം ചെയ്യുന്ന വർഗം മാഫിയ-മുതലാളി വർഗമാണെന്ന് ഇവർ തന്നെ വിളിച്ചു പറയുകയാണ്. ഇവർക്ക് വർഗ്ഗ വഞ്ചകൻ കേവലം ഒരു കുഞ്ഞികൃഷ്‌ണനിൽ ഒതുങ്ങി നിൽക്കുന്നതല്ല, അവരുടെ മുതലാളി വർഗത്തെ വഞ്ചിച്ച, അവർക്കൊപ്പം നിൽക്കാത്ത ഉറച്ച നിലപാടുള്ള കമ്മ്യൂണിസ്റ്റുകാർ എല്ലാം ഇവർക്ക് വഞ്ചകരും കോടാലി കയ്യും കുലം കുത്തിയും തന്നെയാണ്. ഏത് കുലമാണ് ഇവരുടേതെന്നതാണ് വിഷയം.
അഴിമതിക്കാരനായ, ആരോപണ വിധേയനായ ഒരാളെ തന്നെ പയ്യന്നൂരിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സ്ഥാനാർത്ഥി ആക്കിയതിലുള്ള പ്രതിഷേധമായിരുന്നു അക്ഷരാർത്ഥത്തിൽ എന്റെ സ്ഥാനാർത്ഥിത്വം. വിജയമല്ല, പ്രതിഷേധമായിരുന്നു പ്രാഥമികമായ ഞങ്ങളുടെ ലക്ഷ്യം. അഴിമതിക്കെതിരായ സന്ധി ഇല്ലാത്ത പോരാട്ടത്തിൻ്റെ തുടർച്ച എന്നോളം എന്റെ സ്ഥാനാർത്ഥിത്തിലൂടെ മാത്രമേ സമൂഹത്തിൽ ഞാൻ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയാക്കാൻ സാധിക്കൂ എന്ന് ഞാൻ കരുതി. ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ രണ്ടും മൂന്നും അഞ്ച് പേരെ ഉള്ളൂ എന്നും, പയ്യന്നൂരിൽ ഒരു ഇലയനക്കം പോലും ഉണ്ടാക്കാൻ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞവരിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലും ഉണ്ടെന്നിരിക്കെ, ഇപ്പോൾ പെട്ടെന്ന് എവിടെ നിന്നാണ് പാർട്ടിക്ക് അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ഏരിയ കമ്മിറ്റി അംഗത്തേയുമൊക്കെ ഇരയായി കിട്ടിയത്?
എന്താണ് പാർട്ടി സ്വയം പറഞ്ഞു വയ്ക്കുന്നത്, ഞാൻ ഉയർത്തിക്കൊണ്ടുവന്ന പ്രശ്നങ്ങളെ അംഗീകരിക്കുന്ന ഇത്രയും ആളുകൾ പാർട്ടിക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നോ? അതോ എനിക്ക് പുറമെ ഇവർക്കെല്ലാം സത്യവും അസത്യവും അറിയാമായിരുന്നു എന്നോ? അപ്പോ പിന്നെ എന്റെ ആരോപണങ്ങളിലെ അഴിമതിയുടെ കണക്കുകൾ പാർട്ടി മെമ്പർമാരെ അറിയിച്ചിട്ടുണ്ട്, ബഹുജനങ്ങളെ അറിയിച്ചിട്ടുണ്ട് തുടങ്ങിയ ന്യായീകരണങ്ങൾ എന്തിനായിരുന്നു എന്ന് കൂടി പാർട്ടി തന്നെ ഈ പ്രത്യേക സാഹചര്യത്തിൽ വിശദീകരിക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ? പാർട്ടിക്കുള്ളിൽ തന്നെയുള്ള ഇത്രയുമാളുകൾ എനിക്കൊപ്പം നിന്നെന്നാണ് പാർട്ടി തന്നെ ഇപ്പോൾ പറയുന്നതെങ്കിൽ ഞാൻ ആയിരുന്നു ശരി എന്ന് ജനങ്ങൾക്ക് തിരിച്ചറിയാനുള്ള ഒരവസരം കൂടിയായി ഇത് മാറി എന്നല്ലേ ഞാനും ഇന്നാട്ടിലെ ജനങ്ങളും കരുതേണ്ടത്?
തെരഞ്ഞെടുപ്പൊരു ജനാധിപത്യ പ്രക്രിയയാണ്. എത്ര കള്ളവോട്ടുകൾ ചെയ്ത് അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയാലും വോട്ട് പെട്ടിയിൽ ആണെന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ ആര് ജയിക്കും തോൽക്കുമെന്ന് അറിയാതിരിക്കുമ്പോൾ, ബൂത്തുകളിൽ എനിക്ക് അനുകൂലമായോ പ്രതികൂലമായോ എത്ര വോട്ടുകൾ രേഖപ്പെടുത്തിയെന്ന് തീർച്ചയില്ലാതിരിക്കുമ്പോൾ എന്തിനാണ് പാർട്ടി ഇത്ര തിടുക്കപ്പെട്ട് വിവിധ വ്യക്തികൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നതെന്നത് ഏറെ സംശയാസ്പതമായ വിഷയമാണ്!
അതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. അത് കള്ളവോട്ട് കൊണ്ട് മാത്രം ജയമുറപ്പിക്കാം എന്ന് കരുതിയ എൽഡിഎഫ് സ്ഥാനാർത്ഥിക്കുണ്ടായ പരാജയഭീതിയും, സ്വന്തം സഖാക്കളെ പോലും വിശ്വസാസമില്ല എന്നതിന്റെ സൂചനയുമാണ്. വർഗ്ഗരാഷ്ട്രീയം കൈമോശം വന്ന എല്ലാ ഏകാധിപതികളും ആദ്യം അവിശ്വസിക്കുക തന്റെ കൂട്ടാളികളെയാണ്. അതുവരെ അവർ അനുഭവിച്ച അധികാരത്തിന്റെ സുഖം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയത്തിലായിരിക്കും അവരുടെ തുടർന്നങ്ങോട്ടുള്ള ജീവിതം പോലും. ഇവിടേയും സ്ഥിതി വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നില്ല.
തങ്ങളുടെ മുതലാളിത്ത വർഗ താല്പര്യങ്ങൾക്ക് ഭാവിയിൽ വിലങ്ങുതടിയായേക്കാവുന്ന കമ്മ്യൂണിസ്റ്റുകളെ വെട്ടിനിരത്തുക എന്ന ഉദ്ദേശത്തിൽ നിന്നുള്ള പ്രവർത്തി കൂടിയാണിത്. അഴിമതിയെ തുറന്ന് കാട്ടുവാൻ, പാർട്ടിക്കുള്ളിൽ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സാധ്യതകൾ തുറന്നുകാട്ടുവാൻ മറ്റൊരു വി കുഞ്ഞികൃഷ്ണൻ ഉണ്ടാവരുത് എന്ന ചിന്തയാണ് ഇതിൽ പ്രബലമായിട്ടുള്ളത്.
നാളെ ഒരാൾ പയ്യന്നൂരിലെ സിപിഎം നേതൃത്വം വ്യക്തി താത്പര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും, ഈ വ്യക്തികൾക്ക് വളരെ കൃത്യമായി റിയൽ എസ്റ്റേറ്റ്, കൊട്ടേഷൻ മാഫിയകളുമായി ബന്ധമുണ്ടെന്നും പറയാനുള്ള സ്ഥിതി ഉണ്ടാവരുത് എന്ന ലക്ഷ്യമാണ് ഇതുവഴി മറനീക്കി പുറത്ത് വരുന്നത്.
അതുകൊണ്ട് തന്നെ എനിക്ക് വേണ്ടി പ്രവർത്തിച്ചു, എനിക്ക് വേണ്ടി സംസാരിച്ചു, എന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു എന്നതൊക്കെ അവർക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെ പുറത്താക്കാനുള്ള കേവല ന്യായീകരണങ്ങൾ മാത്രമാണ്.
ഈയവസരത്തിൽ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യമിതാണ്.
ആർക്കെതിരെ നടപടിയെടുത്താലും പാർട്ടിയെ സ്നേഹിക്കുകയും പാർട്ടിക്ക് വേണ്ടി ജീവിക്കുകയും ചെയ്ത യഥാർത്ഥ കമ്യൂണിസ്റ്റുകാരായ മനുഷ്യർക്കൊക്കെ വോട്ടെണ്ണലിന് ശേഷം പാർട്ടി എന്ത് വിശദീകരണമാണ് നൽകാൻ പോകുന്നത് ?
ചില വ്യക്തികൾക്ക് വേണ്ടി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ പാർട്ടിക്കുള്ളിൽ നിന്ന് പുറത്തേക്ക് കളയുമ്പോൾ അവർ മറുപടി അർഹിക്കുന്നില്ലെന്നാണോ പാർട്ടിയുടെ പുതിയ സംഘടന തത്വം ?
ഇത് കേവലമൊരു അച്ചടക്ക നടപടിയല്ല. ചിലർക്ക് ഇഷ്ടമില്ലാത്ത, അവർക്ക് അനഭിമതരായ ആളുകളെ വളരെ കൃത്യമായി ഫോക്കസ് ചെയ്ത് പിന്നാലെ കൂടി ഇല്ലാതാക്കുന്ന കെട്ട കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. അതിന് നിലവിലെ പയ്യന്നൂരിന്റെ പ്രത്യേക സാഹചര്യത്തെ മുൻ നിർത്തി എന്റെ പേരും പുസ്തകവും ഉപയോഗിക്കുന്നു എന്നത് മാത്രമാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ ഈ നേതൃത്വം തെളിയിക്കണം ഇപ്പോൾ പുറത്താക്കിയ വ്യക്തിയും, ഇനി പുറത്താക്കപ്പെടാൻ പോകുന്ന വ്യക്തികളും എനിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ തെളിവുകൾ! ഇതൊരു വെല്ലുവിളിയായി കണക്കാക്കണ്ട, കാലത്തിൻ്റെ ആവശ്യമായും, ആ മനുഷ്യരുടെ അവകാശമായും കണക്ക് കൂട്ടിയാൽ മതി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.