സി.പി.എം പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയ​​നൊപ്പം കൈകൾ ഉയർത്തിപ്പിടിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇ.പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയവർ സമീപം (ഫോട്ടോ: ബിമൽ തമ്പി)

കണ്ണൂർ: സി.പി.എം കേരളഘടകത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നേട്ടമുണ്ടാക്കിയാണ് 23ാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ കൊടിയിറങ്ങുന്നത്. കേരളത്തിലെ പാർട്ടിയും ഭരണവുമാണ് ദേശീയബദലായി പാർട്ടി കോൺഗ്രസ് മുന്നോട്ടുവെച്ചത്.

ബി.ജെ.പി വിരുദ്ധ ചേരിയിലെ ശക്തനായ മുഖ്യമന്ത്രിയും പോരാളിയുമായി പിണറായി വിജയനെ അവതരിപ്പിച്ചും അവരോധിച്ചുമാണ് പാർട്ടി കോൺഗ്രസ് അവസാനിക്കുന്നത്. ഓപറേഷൻ താമരയിൽ വീഴാത്ത സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും ബി.ജെ.പിയുടെ വർഗീയതക്കെതിരെയും മുന്നേറ്റമുണ്ടാക്കാൻ കൂട്ടായ്മ ഒരുക്കുന്ന നീക്കത്തിന് പിന്നിലും കേരളഘടകത്തിന്‍റെ ബുദ്ധിയാണ്. ഫെഡറലിസവും ജനാധിപത്യവും മതേതരത്വവും പുലരണമെന്ന് ആഗ്രഹിക്കുന്ന ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ നേതൃനിരയിൽ പ്രഥമ സാന്നിധ്യമായി പിണറായി വിജയനെ അവരോധിക്കാനും പാർട്ടി കോൺഗ്രസിനായി. സംസ്ഥാനത്തിലെ തുടർഭരണവും കേരളത്തിലെ പാർട്ടിയും മാതൃകയാണെന്ന് അംഗീകരിച്ചും അഭിനന്ദിച്ചും പാർട്ടി കോൺഗ്രസിൽ പ്രമേയവുമുണ്ടായി.

പാർട്ടിയുടെ വ്യവസ്ഥാപിത അടിസ്ഥാന താൽപര്യങ്ങൾക്ക് എതിരാണെങ്കിലും പിണറായി അവതരിപ്പിച്ച സിൽവർലൈൻ പദ്ധതിക്ക് സമ്മേളനത്തിൽ വലിയ എതിർപ്പൊന്നുമില്ലാത്തത് കേന്ദ്രനേതൃത്വത്തിലും അദ്ദേഹത്തിനുള്ള മേൽക്കൈ തെളിയിക്കുന്നതാണ്. ഭരണഘടന കാഴ്ചപ്പാടുകളെ ലംഘിക്കുന്ന നീക്കങ്ങൾക്കെതിരെ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇത്തരമൊരു പോരാട്ടത്തിന് നേതൃത്വം നൽകണമെന്നും പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും ദേശീയതലത്തിൽ പിണറായിയെന്ന നേതാവിനെ പ്രതിഷ്ഠിക്കുന്നിന്‍റെ നീക്കമാണ്.

സി.പി.എമ്മിന്‍റെ പ്രധാനശത്രുവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി നേതൃത്വം നൽകുന്ന ബി.ജെ.പി ഇതര പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ മുന്നേറ്റത്തിന് ബദലെന്ന രൂപത്തിലാണ് പുതിയ കൂട്ടായ്മ അവതരിപ്പിക്കുന്നത്. പാർട്ടിയിൽ പിണറായിക്കുള്ള അപ്രമാദിത്വത്തിന്‍റെ വിളംബരമായി പാർട്ടി കോൺഗ്രസ് സമാപനറാലിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം തുറന്നവാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതും പിണറായി ആയിരുന്നു. 

Tags:    
News Summary - CPM party congress updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.