തിരുവനന്തപുരം: കരുതൽമേഖല വിഷയത്തിൽ സർക്കാറിനെതിരെ പലകോണുകളിൽനിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ മൂന്നു ദിവസം നീളുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തുടക്കമായി. ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയും തുടരും. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും. വിഴിഞ്ഞം സമരം അവസാനിച്ചെങ്കിലും സമാന രീതിയിൽ കരുതൽ മേഖല വിഷയം ഉയർത്തി സമരം ആരംഭിച്ച സാഹചര്യത്തെ ഗൗരവത്തോടെയാണ് സി.പി.എമ്മും സർക്കാറും കാണുന്നത്.
ജനങ്ങൾക്കിടയിലുണ്ടായ ആശങ്ക ദൂരീകരിക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിലുമുള്ളത്. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. കരുതൽമേഖല സമരത്തെ കൺവെൻഷനുകൾ സംഘടിപ്പിച്ച് പ്രതിരോധിക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം. തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ സി.പി.എമ്മിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.
ഭരണഘടനയെ അവഹേളിച്ചെന്ന വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റമുക്തനാക്കിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യത്തിൽ വിശദ ചർച്ച യോഗത്തിലുണ്ടാകും. എം.വി. ഗോവിന്ദന്റെ ലീഗ് അനുകൂല പരാമര്‍ശവും ചര്‍ച്ചയാകും. ട്രേഡ് യൂനിയൻ രേഖയും പരിഗണിക്കും. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂനിയനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ളതാണ് രേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.