കണ്ണൂർ: ആസൂത്രിത ആക്രമണങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും കണ്ണൂരില്‍ സി.പി.എം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍എ. കോണ്‍ഗ്രസ് സ്ഥാപനങ്ങളിലേക്കും നേതാക്കളുടെ വീടുകളിലേക്കും സി.പി.എം ഗുണ്ടകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ഇതെല്ലാം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും അറിവോടെയും ആശിര്‍വാദത്തോടെയുമാണെന്ന സണ്ണി ജോസഫ് പറഞ്ഞു.
പൊലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. സിപിഎമ്മിന്റെ അക്രമത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിട്ടും അത് തടയാന്‍ പൊലീസ് നടപടിയെടുക്കുന്നില്ല. പൊലീസിനെ നിഷ്‌ക്രിയമാക്കിയാണ് സി.പി.എം നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്നത്. സി.പി.എം ക്രിമിനലുകളെ നിയന്ത്രിക്കുന്നതിലും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിലും ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സി.പി.എമ്മിന്റെ ഉദ്ദേശ്യം ജനങ്ങളില്‍ ഭീതി പടര്‍ത്തി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. അതിലൂടെ ഭരണ വിരുദ്ധത ചര്‍ച്ച ചെയ്യപ്പെടരുതെന്ന ലക്ഷ്യമാണ്. കോണ്‍ഗ്രസ് നേതാക്കളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഇര്‍ഷാദിന്റെ വീട് കഴിഞ്ഞദിവസം സി.പി.എം ക്രിമിനലുകള്‍ ആക്രമിച്ചു. ഇര്‍ഷാദിന്റെ പിതാവിനെ കൈയേറ്റം ചെയ്യുകയും വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
പാനൂരില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെ കൊടികളും മറ്റും നശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട്ടുപറമ്പിലെ ഗാന്ധി സ്തൂപം തകര്‍ത്തു കൊണ്ടാണ് സിപിഎം അക്രമങ്ങള്‍ തുടക്കമിട്ടത്. കെ. സുധാകരന്‍ എം.പിയെയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എയെയും ആക്രമിച്ചു. അതിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം സിപിഎം നടത്തി.
കൊലവിളിയും ഭീഷണിയും പ്രകോപന പ്രസംഗവുമായി സി.പി.എം രംഗം കൂടുതല്‍ വഷളാക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ല. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോപിനാഥ് ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രപിതാവിനെയാണ് അപമാനിച്ചത്. സി.പി.എമ്മിന്റെ ഗാന്ധി വിരുദ്ധതയുടെ പ്രകടമായ തെളിവാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രസ്താവന. ഗാന്ധി നിന്ദയില്‍ ആർ.എസ്.എസിനെ തോല്‍പ്പിക്കാനാണ് സി.പി.എം മത്സരിക്കുന്നത്.
കൊലപാതികളുടെയും കൊട്ടേഷന്‍ സംഘങ്ങളുടെയും പാര്‍ട്ടിയായി സി.പി.എം മാറി. ഗാന്ധി സ്തൂപം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എമ്മിന്റെ വെല്ലുവിളിയെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. സി.പി.എമ്മിന്റെ എതുവലിയ പാര്‍ട്ടി ഗ്രാമത്തിലും കോണ്‍ഗ്രസ് രാഷ്ട്രപിതാവിന്റെ സ്തൂപം സ്ഥാപിക്കും. സി.പി.എം ഇനിയുമത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. സി.പി.എം തകര്‍ക്കുന്ന ഓരോ ഗാന്ധി സ്തൂപവും കോണ്‍ഗ്രസ് പുനഃനിർമിക്കുക തന്നെ ചെയ്യും. സി.പി.എമ്മിന്റെ അക്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.