അടൂർ: പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് വീട് വെക്കാൻ ഉപയോഗശൂന്യമായ ഭൂമി വാങ്ങി നൽകിയതിലൂടെ സർക്കാറിന് 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായ സംഭവത്തിൽ വിജിലൻസ് കോടതി ശിക്ഷിച്ച അടൂർ നഗരസഭ കൗൺസിലർ അഡ്വ. ഷാജഹാനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. വെള്ളിയാഴ്ച നടന്ന സി.പി.എം അടൂർ ലോക്കൽ കമ്മിറ്റിയുടേതാണ് നടപടി.
ഷാജഹാനെതിരെ ലോക്കൽ കമ്മിറ്റി നടപടി എടുത്തതായി അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് പറഞ്ഞു. ഷാജഹാൻ ഭവനരഹിത പുനരധിവാസ പദ്ധതി വഴി 40 ഗുണഭോക്താക്കൾക്ക് ഉപയോഗശൂന്യമായ ഭൂമി വാങ്ങിനൽകിയതിലൂടെ 35.55 ലക്ഷം രൂപ സർക്കാറിന് നഷ്ടം വരുത്തിയെന്നാണ് കേസ്. എസ്.സി ഡെവലപ്മെന്റ് ഓഫിസർ ജേക്കബ് ജോൺ, എസ്.സി പ്രമോട്ടറായിരുന്ന രാജേന്ദ്രൻ എന്നിവരെയും സമാന കേസിൽ കോടതി ശിക്ഷിച്ചിരുന്നു. തുടർന്ന് മൂന്നുപേരും ജാമ്യത്തിലിറങ്ങി. 2010-2011 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് അടൂർ പുതുശ്ശേരി കോളനിയിലെ 40 കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലം തരാമെന്ന് പറഞ്ഞ് കൗൺസിലർ ഷാജഹാൻ ആളുകളെ സമീപിക്കുകയായിരുന്നു.
പട്ടികജാതി വിഭാഗക്കാർക്കുള്ള ഭൂരഹിത പുനരധിവാസ പദ്ധതിയിൽ ഓരോരുത്തർക്കും മൂന്നുസെന്റ് എന്നതായിരുന്നു വ്യവസ്ഥ. ഇതിന്റെ ഭാഗമായി 123 സെന്റ് വാസയോഗ്യമല്ലാത്ത വെള്ളക്കെട്ടുള്ള നെൽവയൽ നാല് വസ്തു ഉടമകളിൽനിന്നായി 29.09 ലക്ഷം രൂപക്ക് വാങ്ങാൻ കരാർ ഉറപ്പിക്കുകയായിരുന്നു. എന്നാൽ, സർക്കാർ വിഹിതമായി അധികതുക വാങ്ങിയെടുത്തു എന്നതായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.