തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോർച്ച പാർട്ടി അംഗീകരിക്കണമെന്നും അതിനൊത്തുള്ള ഗൗരവ അന്വേഷണം നടത്തി സമയബന്ധിതമായ തിരുത്തലുകൾ വരുത്തണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. സംഘടന സംവിധാനങ്ങളെല്ലാം ഊർജസ്വലമായി പ്രവർത്തിച്ച് മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെച്ചിട്ടും പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്തതിനെ മുഖവിലക്കെടുക്കണം.
സ്ഥാനാർഥിയുടെ കാര്യത്തിലും പ്രചാരണത്തിലും ആർക്കും ആക്ഷേപങ്ങളില്ല. എന്നിട്ടും പാർട്ടിക്ക് ശക്തിയുള്ള ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലുമടക്കം വോട്ടുകൾ കുറഞ്ഞു.
ബൂത്തുതല കണക്കുകൾ നൽകുന്ന സൂചന, മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകൾ പലയിടത്തും പി.വി. അൻവറിന് പോയെന്നാണ്. ചില ബൂത്തുകളിലെ പാർട്ടിയുടെ കണക്കുകളാകെ തെറ്റി. ഇതും പരിശോധിച്ച് താഴെത്തട്ടിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പരാജയത്തെ ജാഗ്രതയോടെ കണ്ട് തിരുത്തിയില്ലെങ്കിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച പല വാർഡുകളും നഷ്ടമാകുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മുന്നണിയുടെ തുടർഭരണ പ്രതീക്ഷക്കെതിരായി നടക്കുന്ന ചർച്ചകളെ ഫലപ്രദമായി പാർട്ടിയും മുന്നണിയും പ്രതിരോധിക്കണം. തെരഞ്ഞെടുപ്പ് ഘട്ടത്തിലും അല്ലാത്തപ്പോഴും പാർട്ടിയെ വിവാദത്തിലാക്കുന്ന പ്രസ്താവനകൾ നേതാക്കളിൽ നിന്നുണ്ടാവരുതെന്ന് ആർ.എസ്.എസ് കൂട്ടുകെട്ടും സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരും പരാമർശിക്കാതെ യോഗത്തിൽ വിമർശനമുയർന്നു.
ബുധനാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദാന്വേഷണം വേണമെന്ന് ആവശ്യമുയരുകയും മുന്നണിക്ക് ലഭിക്കുമായിരുന്ന വോട്ടുകൾ അൻവറിന് പോയതിൽ അന്വേഷണം നടത്താൻ ധാരണയാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയും തുടരുന്ന സംസ്ഥാന കമ്മിറ്റിയോഗം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.