മണ്ണാർക്കാട്: നഗരസഭ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർഥി നേരെ പോയത് ബി.ജെ.പി സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാർഡിലെ നമ്പിയംപടിയിലെ സ്ഥാനാർഥിയായിരുന്ന അഞ്ജു സന്ദീപാണ് ബി.ജെ.പി സ്ഥാനാർഥിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്.
അരിവാൾ ചുറ്റിക നക്ഷത്രം ആയിരുന്നു അഞ്ജുവിന്റെ ചിഹ്നം. 30 വാർഡുകളുള്ള നഗരസഭയിൽ എട്ടിടങ്ങളിലാണ് സി.പി.എം സ്വന്തം ചിഹ്നത്തിൽ മത്സരിച്ചത്. അതിൽ പെട്ടതായിരുന്നു അഞ്ജു മത്സരിച്ച വാർഡായ നമ്പിയംപടി. ഇവിടെ യു.ഡി.എഫിന്റെ ഷീജ രമേശാണ് വിജയിച്ചത്.
കാരാകുറുശ്ശി പഞ്ചായത്തിലെ ആറാംവാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഹ്ലാദ റാലിയിലാണ് അഞ്ജു പങ്കെടുത്തത്. റാലിയിൽ പങ്കെടുക്കുക മാത്രമല്ല പാട്ടിനനുസരിച്ച് അഞ്ജു നൃത്തം വെക്കുന്നതും പുറത്തുവന്ന വിഡിയോയിൽ കാണാം. അതേസമയം, ബി.ജെ.പി സ്ഥാനാർഥിയായ സ്നേഹ തന്റെ അടുത്ത സുഹൃത്താണെനും അതിനാലാണ് വിജയാഘോഷത്തിൽ പങ്കെടുത്തത് എന്നുമാണ് അഞ്ജു പറയുന്നത്. സി.പി.എം പ്രവർത്തകയായ താൻ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.
മണ്ണാർക്കാട് നഗരസഭയിൽ തുടർച്ചയായി മൂന്നാം തവണയും മേധാവിത്വം ഉയർത്തി നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തിയപ്പോൾ, വിമത നീക്കങ്ങൾക്കിടയിലും മുന്നേറ്റം നടത്തി സി.പി.എം കരുത്തു കാട്ടി. ജനകീയ മതേതര മുന്നണിയുടെ ലേബലിൽ രംഗത്തിറങ്ങിയ സി.പി.എം വിമതർക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞതുമില്ല. 30 വാർഡുകളിൽ യു.ഡി.എഫ് മുന്നണി 17 സീറ്റിലാണ് വിജയിച്ചത്.
സി.പി.എം 12 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ 29 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 15 സീറ്റും സി.പിഎം 11 സീറ്റും ബി.ജെ.പി മൂന്ന് സീറ്റുമാണ് നേടിയത്. യു.ഡി.എഫിൽ ലീഗ് 11ഉം കോൺഗ്രസ് മൂന്നും യു.ഡി.എഫ് സ്വതന്ത്ര ഒന്നും നേടി. ഇത്തവണ നഗരസഭയിൽ ഒരു സീറ്റ് കൂടിയപ്പോൾ മുസ്‍ലിം ലീഗും കോൺഗ്രസും സി.പി.എമ്മും ഓരോ സീറ്റുകൾ അധികം നേടി. ബി.ജെ.പി ക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടു.
ഇടതുമുന്നണിയിൽനിന്ന് കൂളർമുണ്ട, വടക്കുമണ്ണം, നെല്ലിപ്പുഴ, പാറപ്പുറം, പെരിമ്പടാരി എന്നിവയും ബി.ജെ.പിയിൽനിന്ന് ആൽത്തറയും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൽനിന്ന് ഉഭയമാർഗം, അരകുറുശ്ശി, കാഞ്ഞിരംപാടം എന്നിവ പിടിച്ചെടുത്തത് കൂടാതെ എൽ.ഡി.എഫ് പുതിയ വാർഡായ കോടതിപ്പടി നേടുകയും ബി.ജെ.പിയിൽനിന്ന് അരയങ്കോട് പിടിച്ചെടുക്കുകയും ചെയ്തു.
മുണ്ടേക്കാരാട് വാർഡിൽനിന്ന് ജയിച്ച ജ്യോതി കൃഷ്‌ണൻകുട്ടിക്കാണ് നഗരസഭയിലെ ഉയർന്ന ഭൂരിപക്ഷം -636. കോൺഗ്രസിലെ ഗ്രൂപ് കളിയുടെ ഭാഗമായി രണ്ടു സ്ഥാനാർഥികൾ വന്നതാണ് തോരാപുരം വാർഡിൽ ബി.ജെ.പി ജയിക്കാൻ കാരണമായത്. ഇവിടെ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി സതീഷ് 63 വോട്ട് നേടിയപ്പോൾ വിമത സ്ഥാനാർഥി അജേഷ് 290 വോട്ട് നേടി. രണ്ടുപേരും കൂടി 353 വോട്ടാണ് നേടിയത്. വിജയിച്ച ബി.ജെ.പി സ്ഥാനാർഥി ഒരു സീറ്റ് ഡ്വ.ജയകുമാറിന് ലഭിച്ചത് 303 വോട്ടാണ്. ഭൂരിപക്ഷം 16 വോട്ടും. മുൻ കൗൺസിലർമാരായിരുന്ന ലീഗിലെ മാസിത സത്താർ, സി.പി.എമ്മിലെ ഇബ്രാഹിം എന്നിവരാണ് തോറ്റ പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.