സണ്ണി ജോസഫ്, കെ. സുധാകരൻ

സമാധാന യാത്രയെയാണ് സി.പി.എം ആക്രമിച്ചത്, സി.പി.എമ്മും ബി.ജെ.പിയും ഫാഷിസത്തിന്‍റെ ഇരുവശങ്ങൾ -സണ്ണി ജോസഫ്

കണ്ണൂര്‍: മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം.പിയേയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെയും സി.പി.എം ക്രിമിനല്‍ സംഘം ആക്രമിച്ചെന്നും പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ക്ക് അഴിഞ്ഞാടാന്‍ പൊലീസ് സൗകര്യമൊരുക്കി. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും തണലാണ് ഈ ക്രിമിനലുകളുടെ ശക്തി. സമാധാന യാത്രയെയാണ് സി.പി.എം ആക്രമിച്ചത്, സി.പി.എമ്മും ബി.ജെ.പിയും ഫാഷിസത്തിന്‍റെ ഇരുവശങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

'യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീട്ടുപറമ്പില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി സ്തൂപം തകര്‍ത്തതിന്റെ തുടര്‍ച്ചയായിട്ടാണ് അക്രമങ്ങള്‍ നടന്നത്. ഇതില്‍ പ്രതിഷേധിച്ചു നടന്ന സമാധാനയാത്രയെയാണ് സി.പി.എം ആക്രമിച്ചത്. ബി.ജെ.പിയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് സി.പി.എം ഗാന്ധി സ്തൂപങ്ങളെ തകര്‍ക്കുന്നതും സമാധാനയാത്രകളെ ആക്രമിക്കുന്നതും. ഫാഷിസത്തിന്റെ ഇരുവശങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും.

ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെ ആശിര്‍വാദത്തോടെയാണ് സി.പി.എം ക്രിമിനലുകളെ തീറ്റിപോറ്റുന്നത്. ഭരണത്തിന്റെ തണലില്‍ എന്തുമാകാമെന്ന് അഹന്തയാണ് സി.പി.എമ്മിനെ നയിക്കുന്നത്. ഭീകരസംഘടനകളെ പോലെയാണ് സി.പി.എം അക്രമം നാട്ടില്‍ വ്യാപിപ്പിക്കുന്നത്. സി.പി.എമ്മിനെ തന്റേടത്തോടെ ഏക്കാലവും നേരിട്ട നേതാവാണ് കെ. സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ സി.പി.എമ്മിനെതിരെ നിരന്തരം സംസാരിക്കുന്ന ശക്തമായ നാവും. അതുകൊണ്ട് തന്നെ കെ. സുധാകരനും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരായ ആക്രമണം സി.പി.എമ്മിന്റെ അസഹിഷ്ണുതയാണ് പ്രകടമാക്കുന്നത്. ഇരുവര്‍ക്കും എതിരായ ഈ അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് നടപ്പാക്കാന്‍ പൊലീസ് ഒത്താശ ചെയ്തു. അതിനാലാണ് അക്രമികളായ സി.പി.എമ്മുകാരെ തടയുന്നതിന് പകരം സമാധാനപരമായി പദയാത്രക്കെത്തിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്.

സി.പി.എം അക്രമങ്ങളെ പ്രതിരോധിച്ചാണ് കോണ്‍ഗ്രസ് പ്രത്യേകിച്ച് കണ്ണൂരില്‍ വളര്‍ന്നിട്ടുള്ളത്. സി.പി.എമ്മിന്റെ അക്രമവാസനയും അധികാര ധാര്‍ഷ്ട്യവും അവസാനിപ്പിക്കാൻ കോൺഗ്രസ് ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. സി.പി.എമ്മിന്റെ ഗുണ്ടായിസത്തിനെതിരെ നിയമപരമായ പോരാട്ടം തുടരും. പ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും പാര്‍ട്ടി നൽകും' -സണ്ണി ജോസഫ് പറഞ്ഞു. 

Tags:    
News Summary - CPM attacked peace march, CPM and BJP are two sides of fascism - Sunny Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.