തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഫാഷിസ്റ്റോ അല്ലയോ എന്നതിൽ സി.പി.എമ്മും സി.പി.ഐയും ഭിന്നാഭിപ്രായത്തിൽ. മോദി സർക്കാറിന് ഫാഷിസ്റ്റ് സ്വഭാവമാണെന്ന കാര്യത്തിൽ ഇതുവരെ സി.പി.എമ്മിനും സി.പി.ഐക്കും ഏകാഭിപ്രായമായിരുന്നു. എന്നാൽ, പാർട്ടി കോൺഗ്രസിനായി തയാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ സി.പി.എം നിലപാട് മാറ്റി. മോദി സർക്കാരിനെ ഫാഷിസ്റ്റെന്ന് പറയാനാവില്ലെന്നും ഇന്ത്യൻ ഭരണകൂടത്തെ നവഫാഷിസ്റ്റായും ചിത്രീകരിക്കാനാവില്ലെന്നുമാണ് സി.പി.എമ്മിന്റെ പുതിയ നിലപാട്. അതിനോട് പക്ഷെ, സി.പി.ഐ യോജിക്കുന്നില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാഷിസ്റ്റ് അല്ലെന്ന നിലപാട് സി.പി.എമ്മിന് തിരുത്തേണ്ടിവരുമെന്നാണ് സി.പി.ഐയുടെ നിലപാട്.
ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് രാഷ്ട്രീയപ്രമേയം സി.പി.എം നേരത്തേ പുറത്തുവിട്ടതാണ്. പാർട്ടി ഘടകങ്ങൾക്കും പൊതുജനങ്ങൾക്കുമൊക്കെ ചർച്ചചെയ്യാനും അഭിപ്രായം പറയാനുമായി നൽകിയ കരട് പ്രമേയത്തിന് അനുബന്ധമായി ഇറക്കിയ കുറിപ്പിലാണ് ഫാസിസ്റ്റ് വിഷയത്തിലെ നിലപാട് മാറ്റം പറയുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാഷ്ട്രീയാധികാരം ബി.ജെ.പി-ആർ.എസ്.എസ് കരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടുവെങ്കിലും അതൊരു നവഫാഷിസ്റ്റ് സർക്കാറായോ രാഷ്ട്രീയ സംവിധാനമായോ വികസിച്ചിട്ടില്ലത്രെ. കരട് രാഷ്ട്രീയ പ്രമേയം പരസ്യമാക്കിയാൽ പിന്നീടൊരു തിരുത്ത് കുറിപ്പ് സി.പി.എമ്മിൽ പതിവില്ലാത്തതാണ്. മാത്രമല്ല, സംഘ്പരിവാറിനോടുള്ള സി.പി.എം നിലപാടിൽ സുപ്രധാന ചുവടുമാറ്റമാണ് ഇപ്പോൾ പുതിയ കുറിപ്പിലുള്ളത്.
ആർ.എസ്.എസിന് ഫാഷിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാർട്ടി പരിപാടിയിൽ സി.പി.എം വിലയിരുത്തിയിട്ടുള്ളത്. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാറിന് ഫാഷിസ്റ്റ് പ്രവണതയാണെന്നാണ് കഴിഞ്ഞ രണ്ട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയം പ്രമേയവും പറയുന്നത്. അത് തിരുത്തി, മോദി സര്‍ക്കാറിനെ ഫാഷിസ്റ്റ് എന്ന് പറയാനാകില്ലെന്നും ഇന്ത്യന്‍ ഭരണകൂടത്തെ നവഫാഷിസ്റ്റായും ചിത്രീകരിക്കാനാവില്ലെന്നുമാണ് പുതിയ കുറിപ്പ്. അതേസമയം, ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കിൽ ഹിന്ദുത്വ-കോർപറേറ്റ് സേച്ഛാധിപത്യം നവഫാഷിസത്തിലേക്ക് പോകുമെന്നും കുറിപ്പിലുണ്ട്.
മോദി സർക്കാർ ഫാഷിസ്റ്റോ അല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ പറഞ്ഞു. അത് വിശദമായി പറയേണ്ട വിഷയമാണെന്നും അദ്ദേഹം തുടർന്നു. ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും ഫാഷിസ്റ്റ് സര്‍ക്കാറാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി.പി.എം നിലപാട് തിരുത്തിയത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.