ഇന്ത്യയിൽ അതിവേഗ സാറ്റ്‌ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യൻ ടെലികോം ഭീമന്മാരായ റിലയൻസ് ജിയോയും ഭാരതി എയർടെലും എലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന റിപ്പോർട്ടുകൾക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ.
സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു പാർട്ടിയുടെ പ്രതികരണം. 2ജി സ്പെക്ട്രം കേസിൽ സുപ്രീം കോടതിയുടെ വിധി പരാമർശം ഉയർത്തിക്കാട്ടി സ്പെക്ട്രം ഒരു അപൂർവ ദേശിയ വിഭവമാണെന്ന് സി.പി.ഐ.എം ചൂണ്ടികാണിച്ചു. സുതാര്യമായ ലേലത്തിലൂടെ മാത്രമേ സ്വകാര്യ കമ്പനികൾക്ക് കരാർ അനുവദിക്കാൻ സാധിക്കുകയൊള്ളൂ എന്നും സി.പി.എം പറഞ്ഞു. ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഏറെ വൈറലായിട്ടുണ്ട്.
സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും രാജ്യത്തു നിലനിൽക്കുന്ന നിയമത്തിന്റെ ലംഘനമാണെന്നും സാറ്റ്‌ലൈറ്റ് സ്പെക്ട്രം ഉപയോഗത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള എയർട്ടലിന്റെയും ജിയോയുടെയും ഒന്നിച്ചുള്ള ഒരു ഗൂഢ ലക്ഷ്യമാണിതെന്നും സി.പി.എം പറഞ്ഞു. ഇത് ഇന്ത്യയിലെ ദശലക്ഷ കണക്കിന് ടെലികോം വരിക്കാർക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും പാർട്ടി സൂചിപ്പിച്ചു.
സ്വകാര്യ ഉപഗ്രഹങ്ങളെ സുപ്രധാന ഭ്രമണപഥ സ്ഥാനങ്ങളിൽ കയറ്റാൻ അനുവദിക്കുന്നത് നിയമപരമായ ആശങ്കകൾക്കപ്പുറം ദേശിയ സുരക്ഷാ, പ്രതിരോധം, ഐ.എസ്.ആർ.ഒ പ്രവർത്തനങ്ങൾ പോലുള്ള തന്ത്രപരമായ ഉപയോഗങ്ങൾക്ക് ഭീഷണിയാണെന്നും അത് അനുവദിക്കരുതെന്നും സി.പി.എം എക്സ്സിൽ കുറിച്ചു.
ഉക്രൈൻ സൈന്യത്തിന് ലഭിച്ചിരുന്ന സ്റ്റാർലിങ്ക് സേവനങ്ങൾ നിർത്തലാക്കുമെന്ന് അമേരിക്കയുടെ ഭീഷണിക്ക് മുമ്പിൽ സെലിൻസ്കി കീഴ്‌പെടുകയും യു.എസ് ആഭിമുഖ്യത്തിൽ റഷ്യയുമായി ചർച്ച നടത്തുന്നതിനുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതനാക്കിയെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.