കാനത്തിന് എല്ലാം കൃത്യമായിരുന്നു, പാർട്ടിയാണ് ജീവവായു, ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പിന്തുണ വേണമെന്ന് ആവർത്തിച്ചു...

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിടവാങ്ങുമ്പോൾ പാർട്ടിയെ ജീവവായുവായി കണ്ട നേതാവിനെയാണ് നഷ്ടമാകുന്നത്. കാനം സെക്രട്ടറി പദം ഏറ്റെടുത്ത നാൾ മുതൽ സി.പി.ഐയുടെ സ്വരത്തിന് ഊർജവു​ം ആവേശവും ഒന്നുവേറെയാണെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. തുടർച്ചയായി സെക്രട്ടറി പദത്തിൽ ഇരിക്കുന്നത് പോലും ഈ നിലപാടി​െൻറ പിൻബലത്തിലാണ്.

കോൺഗ്രസുമായി അടുക്കാമോ എന്നത് ഇടതുപാർട്ടികൾക്കിടയിൽ തർക്ക വിഷയമായി ഉയർന്ന് നിന്നപ്പോൾ, കാനത്തി​െൻറ മറുപടി കൃത്യമായിരുന്നു. അതിങ്ങനെയാണ്. ``ഫാഷിസം എത്ര സെന്റിമീറ്റർ അകലെയാണ് എന്നു കണക്കാക്കി അതിനെതിരെ സജ്ജമാകാതിരിക്കാൻ കഴിയില്ല. കോൺഗ്രസ് ഒരു മതനിരപേക്ഷ ജനാധിപത്യകക്ഷിയാണ്. അതിനെ ഒഴിച്ചുനിർത്തി ഇപ്പോഴത്തെ നിലയിൽ ഫാഷിസത്തിനെതിരെയുള്ള രാഷ്ട്രീയയുദ്ധം സാധ്യമല്ല. ത്രിപുരയിലെ ജനവിധി വിളിച്ചോതുന്നതും അതു തന്നെയാണ്. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കാത്ത ഏതു പാർട്ടിയാണുള്ളത്?''. ഇതാണ് കാനം രാജേന്ദ്രനെ മറ്റ് നേതാക്കളിൽ നിന്നും വ്യത്യസ്തനാക്കിയത്.

Full View

സി.പി.ഐയെ വലതു പാർട്ടിയെന്ന് വിശേഷിപ്പിക്കുന്നവർക്ക് മറുപടി പറയുന്നതിലും കാണാമീ കാനം സ്റ്റെൽ. ``കോൺഗ്രസുമായി ചേരുന്നുവെന്ന പ്രശ്നം വച്ചാണെങ്കിൽ ആരാണ് ആദ്യം അതു ചെയ്തത്? ഒന്നാം യുപിഎ ഉണ്ടാക്കിയതു തന്നെ ആരാണ്? കോ‍ൺഗ്രസ് ബന്ധം ഉപേക്ഷിച്ചുവന്നവരാണു ഞങ്ങൾ. യഥാർഥ ഇടതുപക്ഷം ഞങ്ങളാണെന്നാണു വിശ്വസിക്കുന്നത്''.

സി.പി.എമ്മുമായുള്ള ഭിന്നതകളുടെ കാര്യത്തിലും കാനത്തിന് മറുപടിയുണ്ടായിരുന്നു. ``ഒരു പാർട്ടിയിൽതന്നെ രണ്ടഭിപ്രായമുള്ള സാഹചര്യത്തിൽ രണ്ടു പാർട്ടികൾ തമ്മിൽ ഭിന്നത ഉണ്ടാവില്ലേ? കാര്യങ്ങൾ തുറന്നു പറഞ്ഞുനീങ്ങുന്ന ശൈലിയാണ് സിപിഐയുടെതെന്ന്''. ഇങ്ങനെ കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ട് കാനം സി.പി.ഐ പ്രവർത്തകർക്കിടയിൽ അനിഷേധ്യ നേതാവായി.

കേരളത്തിൽ സി.പി.ഐയും സി.പി.എമ്മുമായി നിലനിന്ന ആശയ സമരം ഒരു പരിധിവരെ കുറഞ്ഞ കാലഘട്ടം കൂടിയാണ് കാനത്തി​െൻറത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സെക്രട്ടറിയായി കാനവും തുടർന്ന വേളയിൽ ഇരുകക്ഷികൾക്കിടയിലും നിലനിന്ന പലവിധ പ്രശ്നങ്ങൾ കൃത്യമായി മറുപടി നൽകി, പൊട്ടലും ചീറ്റലും ഒഴിവാക്കിയത് കാനത്തി​െൻറ നേതൃശേഷികൊണ്ടുമാത്രമാണെന്ന് പറയുന്ന നേതാക്കൾ ഏറെയാണ്.

കാൽപാദം മുറിച്ച് മാറ്റിയതിനെ തുടർന്ന്, കാനം പാർട്ടിക്ക് മൂന്ന് മാസത്തെ അവധി അപേക്ഷ നൽകിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 30നാണ് സി.പി.ഐ സംസ്ഥാന കൗൺസിൽ അപേക്ഷ പരിഗണിച്ചത്. എന്നാൽ, സെക്രട്ടറി സ്ഥാനത്ത് നിന്നു കാനത്തെ മാറ്റി നിർത്താതെ തീരുമാനമെടുത്തതിനു കാരണവും കേരള ഘടകത്തിലുളള പിന്തുണയുടെ തെളിവായി ​വിലയിരുത്തപ്പെടുന്നു.

Tags:    
News Summary - CPI State Secretary Kanam Rajendran passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.