തിരുവനന്തപുരം: മുൻ എം.എൽ.എയും സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയുമായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ നടത്തിയ പരാമർശങ്ങളിൽ നടപടിക്കൊരുങ്ങി സി.പി.ഐ. മാധ്യമങ്ങളോട് അദ്ദേഹം നടത്തിയ പ്രതികരണത്തിൽ പാർട്ടിവിരുദ്ധ പരാമർശങ്ങൾ ഉണ്ടായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
വ്യാഴാഴ്ച ചേർന്ന സി.പി.ഐ എക്സിക്യൂട്ടിവ് യോഗം ഇക്കാര്യം ചർച്ചചെയ്തു. പ്രാഥമികമായി കെ.ഇ. ഇസ്മയിലിൽനിന്ന് വിശദീകരണം തേടും. ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സി.പി.ഐ എറണാകുളം ജില്ല കമ്മിറ്റി പരാതി നൽകിയിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം അടുത്ത എക്സിക്യൂട്ടിവിൽ ചർച്ചചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എക്സിക്യൂട്ടിവിലുണ്ടായ ധാരണ.
പി. രാജുവിന്റെ കുടുംബം പാർട്ടിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഇസ്മയിലും പാർട്ടിയെ കുറ്റപ്പടുത്തി പരസ്യമായി രംഗത്തുവന്നത്. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്തിയെന്നായിരുന്നു ഇസ്മയിലിന്റെ തുറന്നുപറച്ചിൽ. രാജുവിന്‍റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനായി വെക്കരുതെന്നും പിന്നിൽ നിന്നും കുത്തിയവർ മൃതദേഹം കാണാൻപോലും വരരുതെന്നും കുടുംബം നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ, ഇക്കാര്യങ്ങൾ ശരിവെക്കും വിധത്തിലായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.
പി. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തിരിച്ചെടുക്കാൻ പാർട്ടി കൺട്രോൾ കമീഷൻ തീരുമാനം എടുത്തിരുന്നുവെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. മുൻ ദേശീയ എക്സിക്യൂട്ടിവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ല കൗൺസിലിലെ ക്ഷണിതാവാണ്. മുമ്പ് പാലക്കാട്ടെ സേവ് സി.പി.ഐ ഫോറത്തെ അനുകൂലിക്കുന്ന രീതിയിൽ നിലപാടെടുത്തുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം നടപടിക്ക് തയാറെടുത്തിരുന്നു.
ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് അന്ന് നടപടി ഒഴിവായത്. അന്നും ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു. പാലക്കാട്ടെ വിവാദ ബ്രൂവറിക്കെതിരെ സി.പി.ഐ കർശന നിലപാട് എടുത്തിട്ടും മുഖവിലക്കെടുക്കാതെ മുന്നോട്ടു പോകാനുള്ള സി.പി.എം നിലപാടും എക്സിക്യൂട്ടിവ് യോഗത്തിൽ വിമർശന വിധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.