ഇടുക്കി: സി.പി.ഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്.
ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇ.എസ് ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഒരു വിഭാഗം ഉയർത്തിയ പേര് ബിജിമോളുടെ ഭർത്താവിന്‍റെ പേരായിരുന്നു.
സെക്രട്ടറി സ്ഥാനത്തേക്ക് ഭർത്താവിന്റെ പേര് ഉയർന്നുവന്നതിൽ ബിജിമോൾക്ക് പങ്കില്ലെന്നാണ് എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. എന്നാൽ തുടർന്നുണ്ടായ തർക്കങ്ങളിൽ പാർട്ടിയുടെ സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് മാർഗരേഖ പാലിച്ചുകൊണ്ട് കാര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജിമോൾക്ക് വീഴ്ചയുണ്ടായി എന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തിയത്. ഇതിനെ തുടർന്നാണ് പാർട്ടി നടപടി സ്വീകരിച്ചത്.
ബിജിമോളോട് സംഭവത്തിൽ വിശദീകരണം തേടണമെന്ന് ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.