സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ്; രണ്ടുപേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 42 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടുപേർ രോഗമുക്തി നേടി. കണ്ണൂർ 12, കാസർകോട് ഏഴ്, കോഴിക്കോട്, പാലക്കാട് അഞ്ച് വീതം, തൃശൂർ, മലപ്പുറം നാല് വീതം, കോട്ടയം രണ്ട്, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് കോവിഡ് ബാധിതർ. സംസ്ഥാനത്ത് ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് ഇന്നത്തേത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 732 ആയി. 

വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ 21 പേർ മഹാരാഷ്ട്രയിൽനിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന 17 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ്. കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകക്കാണ്.  

216 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 84,258 ആയി വർധിച്ചു. 

കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം നിലവിൽ ചികിത്സയിലുണ്ട്. പാലക്കാട് -26, കാസർകോട് -21, കോഴിക്കോട് -19, തൃശൂർ -16 എന്നിങ്ങനെയാണ് കൂടുതൽ രോഗികളുള്ള ജില്ലകൾ. 

28 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 

ഇതുവരെ 91,344 പേരാണ് വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തിയത്. ഇവരിൽ 2961 ഗർഭിണികളുണ്ട്. 805 കുട്ടികളും ഉൾപ്പെടും. 43 വിമാനങ്ങളിലായി 9367 പേരാണ് വിദേശത്തുനിന്ന് എത്തിയത്. ഇവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്‍റീനിലാണ്. 

ഒരു കേരളീയനു മുന്നിലും വാതിലുകൾ കൊട്ടിയടക്കില്ല -മുഖ്യമന്ത്രി 

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ചു നിൽക്കാൻ സർക്കാർ തയാറല്ലെന്നും ഒരു കേരളീയന് മുന്നിലും ഇക്കാരണത്താൽ വാതിൽ കൊട്ടിയടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ രോഗബാധിതർ വർധിക്കുന്നത് ഗൗരവകരമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വലിയ തോതിൽ വർധിപ്പിക്കേണ്ടതുണ്ട്. ഇന്നുള്ളതിനെക്കാൾ കൂടുതൽ ആളുകൾ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിലുകൾ കൊട്ടിയടക്കില്ല. പരിഭ്രമിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാൻ നാം തയാറല്ല. എല്ലാവർക്കും കൃത്യമായ ചികിത്സയും പരിചരണവും നൽകും. 

കേരളത്തിലേക്ക് വരുന്നവരിൽ അത്യാസന്ന നിലയിലായ രോഗികൾ ഉണ്ടായേക്കാം. കൂടുതൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നേക്കാം. ഇതൊക്കെ സാധ്യമാകുന്ന രീതിയിൽ വെന്‍റിലേറ്റർ ഉൾപ്പടെ തയാറാക്കി‍യിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾക്കാണ് മുൻഗണന നൽകുക. 

അതേസമയം, ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ഇളവുകൾ. ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

Tags:    
News Summary - covid update kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.