മലപ്പുറം: പെരിന്തൽമണ്ണ അഗ്നി ശമന സേന വിഭാഗത്തിലെ ജീവനക്കാരന് കോവിഡ് സ്രീകരിച്ചതോടെ പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ താൽക്കാലികമായി അടച്ചു. ജില്ല ഫയർ ഓഫിസർ അടക്കം 51 പേർ ക്വാറൻറീനിൽ പ്രവേശിച്ചു. ക്വാറൻറീനിൽ പോയ മുഴുവൻ ഉദ്യോഗസ്ഥരുടെയും സ്രവങ്ങൾ ശനിയാഴ്ച തന്നെ പരിശോധനക്കയച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നാണ് സാമ്പിളുകൾ എടുത്തത്.
പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് വരുന്ന കോളുകളും മറ്റും മലപ്പുറം, മണ്ണാർക്കാട് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുമെന്നും പരിശോധന ഫലം നെഗറ്റീവാകുന്ന മുറക്ക് ഉദ്യോഗസ്ഥർ തിരിച്ച് ജോലിയിൽ പ്രവേശിക്കുമെന്നും ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ അറിയിച്ചു. വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ ജൂൺ അഞ്ചിന് മലപ്പുറത്ത് ജില്ല ഫയർ ഓഫിസർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നു.
ജില്ലയിലെ ഏഴ് സ്റ്റേഷനുകളിലെ ഫയർ ഓഫിസർമാരും രണ്ട് അഡീഷണൽ ഓഫിസർമാരും ഇതിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാം ക്വാറൻറീനിലാണ്. ഇതിന് പുറമെ പെരിന്തൽമണ്ണ സ്റ്റേഷനിലെ 31 ജീവനക്കാരും 10 സിവിൽ ഡിഫൻസ് വളൻറിയേഴ്സും ക്വാറൻറീനിൽ പ്രവേശിച്ചു. പെരിന്തൽമണ്ണയിൽ കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥന് എവിടെ നിന്നാണ് വൈറസ് ബാധ ഏറ്റതെന്ന് വ്യക്തമല്ല. ജൂൺ ഒന്നിന് ഇതര സംസ്ഥാനത്തു നിന്ന് ബസിൽ വന്നവരെ പെരിന്തൽമണ്ണയിലെ കൊറോണ കെയർ സെൻററിലേക്ക് മാറ്റുന്നതിനും അണുമുക്തമാക്കുന്നതിനും നേതൃത്വം കൊടുത്ത സംഘത്തിൽ ഇദ്ദേഹവും പങ്കെടുത്തിരുന്നു. എന്നാൽ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് വൈറസ് ബാധയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.