കോട്ടയം: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽകെട്ടി ഉപേക്ഷിച്ച ഭാര്യക്കും ഭർത്താവിനും ജീവപര്യന്തം ശിക്ഷ. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ (34) കൊലപ്പെടുത്തിയ കേസിൽ ദമ്പതികളായ കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ വിനോദ് കുമാർ (കമ്മൽ വിനോദ്), ഭാര്യ കുഞ്ഞുമോൾ എന്നിവരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി-2 ജഡ്ജി ജെ. നാസർ ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഒന്നാംപ്രതി വിനോദിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപയും, തെളിവ് നശിപ്പിച്ചതിന് 5 വർഷവും 25,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. ആദ്യ അഞ്ചുവർഷത്തെ ശിക്ഷയ്ക്ക് ശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ ഒന്നാം പ്രതി അനുഭവിക്കേണ്ടത്.
രണ്ടാം പ്രതിയായ കുഞ്ഞുമോൾക്കും 5 ലക്ഷം രൂപയും ജീവപര്യന്തം തടവും, 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് രണ്ട് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടാംപ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ വ്യക്തമാക്കുന്നു. പിഴ തുക കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒന്നാംപ്രതി രണ്ടു വർഷവും, രണ്ടാംപ്രതി കുഞ്ഞുമോൾ ആറുമാസവും ശിക്ഷ അധികം അനുഭവിക്കണം.
2017 ആഗസ്റ്റ് 23 നായിരുന്നു കൊലപാതകം. നാല് ദിവസം കഴിഞ്ഞ് ആഗസ്റ്റ് 27ന് മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തുനിന്ന് തലയില്ലാത്ത ശരീരഭാഗം രണ്ട് ചാക്കുകളിലായി കണ്ടെത്തുകയായിരുന്നു. അന്നത്തെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന സാജു വർഗീസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും കൊല്ലപ്പെട്ട സന്തോഷുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സിറിൽ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാർത്ഥ് എസ്. എന്നിവരാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.