തിരുവനന്തപുരം നഗരസഭയുടെ സ്​പോർട്സ് ടീമിൽ വിവേചനം​?; മേയറുടെ പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം കനക്കുന്നു

തിരുവനന്തപുരം നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം ഉണ്ടാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുന്നതെന്ന് മേയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. നഗരസഭയാണ് ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുകയെന്നും മേയർ വ്യക്തമാക്കി.

മേയറുടെ പ്രഖ്യാപനം പുറത്തുവന്നതോടെ പദ്ധതിക്കെതിരേ വിമർശനം ഉയർന്നിട്ടുണ്ട്. തീരുമാനത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ദളിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട് രംഗ​െത്തത്തി. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് രൂപീകരിച്ചിരിക്കുന്നത്. ഈ തരംതിരിവിലൂടെ സ്പോർട്സിനെയും എസ്.സി, എസ്.ടി ജനവിഭാ​ഗങ്ങളെയും മേയർ അപമാനിച്ചിരിക്കുകയാണെന്ന് സണ്ണി എം. കപിക്കാട് മലയാളം ന്യൂസ് ചാനലിനോട് പറഞ്ഞു. വളരെ അലസമായ ജാതിബോധമാണ് മേയറെ ഭരിക്കുന്നതെന്നാണ് മനസിലാക്കുന്നത്. അത് തിരുത്താൻ മേയർ ആര്യ രാജേന്ദ്രൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കറുത്ത വർ​ഗക്കാരാണ് എപ്പോഴും കായിക ഇനങ്ങളിൽ ആധിപത്യം പുലർത്തുന്നത്. കോർപ്പറേഷൻ പരിധിയിൽ എസ്.സി, എസ്,ടി ഫണ്ട് വ്യാപകമായി ദുരുപയോ​ഗം ചെയ്യുന്നുണ്ട്. അവിടെ എന്തൊക്കെ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് മേയർക്ക് യാതൊരു ധാരണയുമില്ല. പട്ടികജാതി ഫണ്ട് തട്ടാനായാണ് എസ്.സി, എസ്,ടി വിഭാ​ഗക്കാർക്കുവേണ്ടി മാത്രമായി സ്പോർട്സ് ടീം രൂപീകരിക്കുന്നത്. ഇതിന്റെ പേരിലുള്ള മുഴുവൻ ചെലവും പട്ടികജാതി വകുപ്പ് നൽകണമെന്ന് ഇനി അവർക്ക് ആവശ്യപ്പെടാം.

ഇത്ര വലിയ തട്ടിപ്പുസംഘമാണ് കേരളം ഭരിക്കുന്നത്. ഈ വിവാദ തീരുമാനം പിൻവലിച്ച് മേയർ കേരളത്തോട് മാപ്പുപറയണം. കായിക ഇനങ്ങളിൽ പങ്കെടുക്കാൻ കായിക ക്ഷമതയാണ് വേണ്ടത്. അല്ലാതെ കറുത്തിരിക്കണം, വെളുത്തിരിക്കണം എന്നൊന്നും എവിടെയും പറയുന്നില്ല. പക്വത ഇല്ലാത്ത പെൺകുട്ടിയെ മേയറാക്കിയപ്പോൾ എന്തോ അത്ഭുതം കാട്ടുമെന്നാണ് പറഞ്ഞത്. ആ അത്ഭുതമാണ് ഈ രീതിയിൽ പുറത്തുചാടുന്നത്. ഈ തരംതിരിവിലൂടെ പട്ടിക വിഭാ​ഗങ്ങളെ അപമാനിക്കുകയാണ്. സ്പോർട്സിൽ പോലും സംവരണം കൊടുത്താലേ ഇവർ ഉയർന്നു വരുകയുള്ളൂവെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.

നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ് എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം മേയർ ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അതിലാണ് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പ്രത്യേക ടീം രൂപീകരിക്കുമെന്ന് വ്യക്തമാക്കുന്നത്.

Tags:    
News Summary - Corporation Sports Team, Sunny M Kapicadu criticized Mayor Arya Rajendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.