ശ്രീറാമിന്‍റെ പുതിയ നിയമനത്തിലും വിവാദം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനത്തിലും വിവാദം. ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സപ്ലൈകോ ജനറൽ മാനേജരായാണ് നിയമിച്ചത്.

ശ്രീറാമിന്‍റെ പുതിയ നിയമനത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അതൃപ്തി പ്രകടിപ്പിച്ചു. വിവാദത്തിൽപെട്ട വ്യക്തി തന്‍റെ വകുപ്പിൽ ഉദ്യോഗസ്ഥനായി വരുന്നത് തന്നെ അറിയിച്ചില്ലെന്നാണ് മന്ത്രിയുടെ പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ അദ്ദേഹം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. ഇക്കാര്യം മന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു.

ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. പ്രതിപക്ഷം പരസ്യപ്രക്ഷോഭം പ്രഖ്യാപിക്കുകയും പത്രപ്രവർത്തക യൂനിയൻ സമരത്തിനിറങ്ങുകയും സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുന്നി എ.പി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കലക്ടര്‍ പദവിയിൽനിന്ന് മാറ്റാൻ സര്‍ക്കാര്‍ തയാറായത്.

പി.വി. അൻവർ, കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടത് നേതാക്കൾ ശ്രീറാമിന്‍റെ നിയമനത്തിനെതിരെ പരസ്യനിലപാടെടുത്തു. അതിന് പിന്നാലെയാണ് ശ്രീറാമിനെ മാറ്റി കഴിഞ്ഞദിവസം രാത്രി ഉത്തരവിറങ്ങിയത്.അതിനിടെ ശ്രീറാമിന്‍റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്നതരത്തിലുള്ള പ്രചാരണവുമായി സംഘ്പരിവാർ രംഗത്തിറങ്ങി.

ആർ.എസ്.എസ് മുഖപത്രത്തിന്‍റെ ട്വിറ്റർ പേജിൽ ഇത്തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്.മുസ്ലിം ശക്തിക്ക് മുന്നിൽ കീഴടങ്ങി ഹിന്ദു ബ്രാഹ്മണനായ വ്യക്തിയെ സർക്കാർ മാറ്റിയെന്നനിലയിലുള്ള പ്രചാരണമാണ് സംഘ്പരിവാർ നടത്തുന്നത്. കഴിഞ്ഞദിവസം രാത്രി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഈ വിഷയത്തിലിട്ട എഫ്.ബി പോസ്റ്റും സമാനസ്വഭാവമുള്ളതാണ്. 

Tags:    
News Summary - Controversy over Srirams new appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.