തിരുവനന്തപുരം: ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്കയായി പടരുമ്പോഴും മരണക്കണക്കിന് പിന്നാലെ പഠനത്തെചൊല്ലിയും വിവാദം. 2013ൽ ഇതുസംബന്ധിച്ച് പഠനം നടന്നിരുന്നുവെന്നും അന്ന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ പഠന റിപ്പോർട്ടിലോ, അമീബിക് കേസുകളിലോ ശ്രദ്ധ നൽകിയില്ലെന്നുമാണ് ആരോഗ്യമന്ത്രി കഴിഞ്ഞദിവസം ഫേസ്ബുക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചത്. എന്നാൽ അത് തെറ്റാണെന്ന് പഠന റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2018ലാണ് ആ പഠനറിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതെന്ന് വ്യക്തം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരാണ് 2013ൽ അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച് പഠനം നടത്തി ജേർണൽ പ്രസിദ്ധീകരിച്ചതെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ 2013ൽ ആരംഭിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത് 2018ൽ ആണ്. അത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചൈറ്റിസ്) സംബന്ധിച്ചല്ല. എന്നാൽ കണ്ണിനെ ബാധിക്കുന്ന ‘കോർണിയ അൾസർ’ കേസുകളെ സംബന്ധിച്ചാണ്. അത് അമീബ മൂലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന ‘നെഗ്ലേറിയ ഫൗളേറി’ എന്ന അമീബ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ ജേർണൽ ഓഫ് മൈക്രോബയോളജി പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധത്തിന്റെ പ്രസിദ്ധീകരണ പേജിൽ നിന്ന് 2018 എന്ന പ്രസിദ്ധീകരണ തീയതിയും ജേർണലിന്റെ പേരും മുറിച്ചുമാറ്റിയാണ് ഫേസ്ബുക്കിൽ മന്ത്രി ഷെയർ ചെയ്തിരിക്കുന്നത്. ഇതാണ് സംശയത്തിന് ഇടനൽകിയത്. പഠനറിപ്പോർട്ട് തെറ്റായി കാണിച്ചതിനെതിരെ രൂക്ഷവിമർശനവും ഫേസ്ബുക്കിൽ മന്ത്രിക്കെതിരെ ഉയരുന്നുണ്ട്.
ആ പഠന റിപ്പോർട്ട് എന്തായിരുന്നു, എവിടെ നിന്ന് സാമ്പിൾ ശേഖരിച്ചു, ഏതൊക്കെ വയസ്സുകാരുടെ സാമ്പിളുകളാണ് ശേഖരിച്ചത്, 64 ശതമാനം ആളുകൾക്കും കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നും റിപ്പോർട്ട് പറയുന്നുവെന്നും കുറിപ്പിലുണ്ട്. പക്ഷെ അതിന്റെ വിശദാംശങ്ങളടക്കം വെട്ടിമാറ്റി. അത് അമീബിക് മസ്തിഷ്ക ജ്വരത്തിനും കാരണമായേക്കാം എന്നാണ് അനുമാനം. പക്ഷെ സ്ഥിരീകരണമില്ല. അന്ന് സർക്കാർ എന്ത് സ്വീകരിച്ചുവെന്നും ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിച്ചില്ലെന്നുമാണ് മന്ത്രി കുറിച്ചത്. ഇതെല്ലാം എൽ.ഡി.എഫ് സർക്കാറിന് മേലാണ് ഇപ്പോൾ തിരികെ വന്നുപതിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.