മാള: മാള പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. മാള ചാലിൽ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് പൂർണ ശുദ്ധജല തടാകമാക്കാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള പഴയ കോൺക്രീറ്റ് ചീർപ്പ് പൊളിച്ച് നവീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇത് നടപ്പായില്ല. മഴ വെള്ളം ഒഴുകാതെ ടൗണിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മാള ചാൽ ഒഴുകി കനോലി കനാലിലേക്ക് പോകുന്ന ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്കിന് ചീർപ്പ് തടസ്സമായി നിന്നു.
പ്രധാനമായും വെള്ളക്കെട്ടിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. പാലത്തിന് സമീപം പുതിയ കോൺക്രീറ്റ് ചീർപ്പ് നിർമിക്കാൻ പഞ്ചായത്ത് നടപടിയെടുത്തില്ല. പകരം താൽക്കാലിക ബണ്ട് നിർമിക്കാനായിരുന്നു തീരുമാനം. കോടതി നിർദേശം നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയാണ് കേസിന് വഴിയൊരുക്കിയത്. മാള പള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്താണ് കോടതിയെ സമീപിച്ചത്.
ഇദ്ദേഹം നേരത്തേ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കോടതി ഉത്തരവിൽ സമയപരിധി പറഞ്ഞില്ല എന്ന സാങ്കേതിക കാരണം പറഞ്ഞാണ് ഉത്തരവ് നടപ്പാക്കാതിരുന്നത്. തുടർന്ന് ഷാന്റി ജോസഫ് തട്ടകത്ത് വീണ്ടും ഹൈകോടതിയെ സമീപിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ കക്ഷിയാക്കി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു. തീരുമാനം നടപ്പാക്കാൻ ചെയ്ത കാര്യങ്ങൾ സെപ്റ്റംബർ ഒന്നിന് കോടതിയെ അറിയിക്കണം. അല്ലാത്തപക്ഷം സെക്രട്ടറി ഹൈകോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.