കൊച്ചി: പ്രോട്ടോകോൾ ലംഘനം നടത്തി യു.എ.ഇ കോൺസൽ ജനറലും മുഖ്യമന്ത്രി പിണറായി വിജയനും നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്ന് കസ്റ്റംസ്. കോൺസൽ ജനറലിെൻറയും മുഖ്യമന്ത്രിയുടെയും വസതികളിൽ നടന്ന കൂടിക്കാഴ്ചകൾക്കെല്ലാം ചുക്കാൻ പിടിച്ചത് സ്വപ്ന സുരേഷാണെന്നും കസ്റ്റംസ് ആരോപിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന പ്രോട്ടോകോൾ ഡിപ്പാർട്മെൻറും നിഷ്കർഷിച്ച നിബന്ധനകളെല്ലാം ലംഘിച്ചായിരുന്നു ഈ കൂടിക്കാഴ്ചകൾ.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കസ്റ്റംസിന് നൽകിയ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വപ്നയുടെ നിർദേശപ്രകാരം എല്ലായ്പ്പോഴും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യം ഏർപ്പെടുത്തിയതായാണ് ശിവശങ്കറുടെ മൊഴി. കൂടിക്കാഴ്ചകളിലെല്ലാം താനും സ്വപ്ന സുരേഷും സന്നിഹിതരായിരുന്നു.
കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ സ്വപ്ന സുരേഷ് തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ബോധിപ്പിച്ചു. സംസ്ഥാന സർക്കാറിലെ മുതിർന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രോട്ടോകോൾ ലംഘനം നടത്തി യു.എ.ഇ കോൺസുലേറ്റുമായി ബന്ധം സ്ഥാപിച്ചിരുന്നതായി സംസ്ഥാന പ്രോട്ടോകോൾ വിഭാഗ അധികൃതരും മൊഴി നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി.
സംസ്ഥാന മന്ത്രിമാരിൽ ചിലർ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്തി. ഇക്കാര്യങ്ങൾ അനധികൃതമായി വിദേശത്തക്ക് കറൻസി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിശദമായി ബോധിപ്പിക്കാമെന്നാണ് കോടതിയെ അറിയിച്ചത്.
യു.എ.ഇ കോൺസൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബി കോൺസുലേറ്റിെൻറ മറവിൽ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായും കുറ്റപത്രത്തിൽ ആരോപണമുണ്ട്. പ്രതികളുടെ മൊഴിയിൽനിന്ന് പല രീതിയിലുള്ള കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമായി നടത്തിയതായും കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.