മുഖ്യമന്ത്രി കസേരയിൽ കോൺഗ്രസ് വടംവലി; ഹൈക്കമാൻഡിന് കീറാമുട്ടി

തിരുവനന്തപുരം: എം.എൽ.എമാരുടെ എണ്ണം മുൻനിർത്തിയുള്ള അവകാശവാദങ്ങൾ ഒരുഭാഗത്തും ജനവികാരം മാനിക്കണമെന്ന ആവശ്യം മറുഭാഗത്തും ശക്തിയാർജ്ജിച്ചതോടെ കോൺഗ്രസിലെ മുഖ്യമന്ത്രി നിർണയം ഹൈകമാൻഡിന് കീറാമുട്ടിയാകുന്നു. ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രിയാവശ്യം തെരുവിലേക്കെത്തിയതോടെ കെ.പി.സി.സിയും സമ്മർദത്തിലായി. ആരുടെയും പേര് നേർക്കുനേർ പറയാതെ, എന്നാൽ ജനവികാരം മാനിക്കണമെന്നാണ് ഘടകകക്ഷികളുടെ പൊതുഅഭിപ്രായം. അതേസമയം, ജനവികാരമെന്നതിന്‍റെ വ്യാഖ്യാനമായി വി.ഡി. സതീശൻ മാറിയതാണ് കഴിഞ്ഞ മണിക്കൂറുകളിലെ സംഭവവികാസങ്ങൾ അടിവരയിടുന്നത്.

നിയുക്ത എം.എൽ.എമാരുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മുകുൾ വാസ്നികിന്‍റെ കൈവശമുണ്ടായിരുന്നു ഫയലിലെ പേരുനിർദേശങ്ങൾ പരസ്യമായത് വലിയ ചർച്ചയാണ് കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടാക്കുന്നത്. കൂടിക്കാഴ്ചയിൽ മുസ്ലിം ലീഗും ആർ.എസ്.പിയും കേരള കോൺഗ്രസും ഇതേ ‘ജനവികാരം’ തന്നെയാണ് നിരീക്ഷകർക്ക് മുന്നിൽ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിലുയരുന്ന ചർച്ചകളിലും ഈ വാക്കാണ് ഉപയോഗിക്കപ്പെടുന്നത്. ഇതെല്ലാം മുൻനിർത്തി മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും എന്തു നിലപാട് സ്വീകരിക്കുമെന്നതും കോൺഗ്രസ് കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

ചർച്ചകൾ വഴിമുട്ടുന്നപക്ഷം ഒത്തുതീർപ്പ് ഫോർമുലകളടക്കം ഹൈകമാൻഡ് മുന്നോട്ടുവെക്കുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുള്ള ‘പ്ലാൻ എ’യാണ് ഇതിലൊന്ന്. അതേസമയം, മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി പക്ഷം. മന്ത്രിസഭയിൽനിന്ന് സതീശൻ മാറിനിന്നാൽ ജനവികാരം എതിരാകുമെന്ന ആശങ്ക മുതിർന്ന കോൺഗ്രസ് നേതാക്കൾക്കുണ്ട്. അതേ സമയം, എം.എൽ.എമാരുടെ എണ്ണം മുൻനിർത്തിയാണ് കെ.സി പക്ഷത്തിന്‍റെ നീക്കങ്ങൾ. 63 എം.എൽ.എമാരിൽ 45 പേർ പിന്തുണക്കുന്ന സാഹചര്യത്തിൽ ഈ വികാരത്തെ മറികടന്ന് മന്ത്രിസഭ രൂപവത്കരിക്കുന്നത് സർക്കാറിനെ ദുർബലപ്പെടുത്തുമെന്നാണ് കെ.സി വിഭാഗത്തിന്‍റെ നിലപാട്. ഹൈകമാൻഡിൽനിന്ന് ഉചിതമായ തീരുമാനമുണ്ടാകുന്ന ഉറച്ച പ്രതീക്ഷയും അവർ പങ്കുവെക്കുന്നു. അതേസമയം, സീനിയോറിറ്റിയിൽ മുന്നിലുണ്ടെന്നതിനാൽ തങ്ങൾക്കാണ് പരിഗണന ലഭിക്കുകയെന്നാണ് രമേശ് ചെന്നിത്തല ക്യാമ്പിന്‍റെ വിശ്വാസം. വി.ഡി-കെ.സി വിഭാഗങ്ങളുടെ തർക്കത്തിൽ ‘ഒത്തുതീർപ്പ് മുഖ്യമന്ത്രി’ എന്നതും ചെന്നിത്തല ക്യാമ്പിന്‍റെ മനസ്സിലുണ്ട്.

Tags:    
News Summary - Congress tug-of-war over CM's chair; High Command in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.